Quantcast

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനം രാഷ്ട്രീയ നാടകമെന്ന് കോൺ​ഗ്രസ്; പിആർ സ്റ്റണ്ടെന്ന് ബിജെപി

ജയിൽമോചിതനായതിനു പിന്നാലെയാണ് കെജ്‌രിവാൾ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2024-09-15 12:24:32.0

Published:

15 Sep 2024 11:27 AM GMT

BJP and Congress mocks Arvind Kejriwal
X

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച ഡൽഹി മു​ഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ പരിഹാസവുമായി കോൺ​ഗ്രസും ബിജെപിയും. അരവിന്ദ് കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനം രാഷ്ട്രീയ നാടകമെന്ന് ഡൽഹി കോൺഗ്രസ്സ് അധ്യക്ഷൻ ദേവേന്ദർ യാദവ് പ്രതികരിച്ചു.

രാജിവയ്ക്കാൻ എന്തിനാണ് രണ്ടുദിവസം കൂടി കാത്തുനിൽക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും പറഞ്ഞു. കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനം വെറും ​ഗിമ്മിക്കാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. കെജ്‌രിവാൾ വളരെക്കാലം മുമ്പേ രാജിവയ്ക്കേണ്ടതായിരുന്നെന്നും ധാർമികതയും അദ്ദേഹവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ദീക്ഷിത് കൂട്ടിച്ചേർത്തു.

രണ്ട് ദിവസത്തിനുള്ളിൽ രാജിവയ്ക്കുമെന്ന കെജ്‌രിവാളിൻ്റെ പ്രഖ്യാപനം വെറും പിആർ സ്റ്റണ്ട് ആണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഡൽഹി നിവാസികൾക്കിടയിലെ തൻ്റെ പ്രതിച്ഛായ സത്യസന്ധനായ നേതാവെന്നതിൽനിന്ന് അഴിമതിക്കാരനായി മാറിയെന്ന് കെജ്‌രിവാൾ സ്വയം തിരിച്ചറിയുന്നു. ആം ആദ്മി പാർട്ടി ഇപ്പോൾ അഴിമതി നിറഞ്ഞ പാർട്ടിയായി മാറിയെന്നും ബിജെപി നേതാവ് ആരോപിച്ചു.

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സെപ്തംബർ 13നാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് ശനിയാഴ്ച ജയിൽമോചിതനായതിനു പിന്നാലെയാണ് കെജ്‌രിവാൾ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. രണ്ടു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു അരവിന്ദ് കെജ്‍രിവാളിന്റെ പ്രഖ്യാപനം. ഡൽഹിയിലെ പാർട്ടി ഓഫീസിൽ വച്ചായിരുന്നു പ്രഖ്യാപനം.

ഇനിയെന്ത് വേണമെന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നു പറഞ്ഞ അദ്ദേഹം, മഹാരാഷ്ട്രയ്‌ക്കൊപ്പം ഡൽഹി തെരഞ്ഞെടുപ്പും നവംബറിൽ നടത്തണമെന്നും ആവശ്യപ്പെട്ടു. താൻ സത്യസന്ധനാണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ നിങ്ങൾ വോട്ട് ചെയ്യൂ. തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ എനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. രണ്ട് ദിവസത്തിനകം നിയമസഭാകക്ഷി യോഗം ചേരും. അതിൽ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന്നും കെജ്‍രിവാൾ പറഞ്ഞു.



TAGS :

Next Story