Quantcast

തെലങ്കാനയിൽ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം; ഇളക്കമില്ലാതെ ഒവൈസി

എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസും എട്ട് സീറ്റുകളില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നു

MediaOne Logo

Web Desk

  • Updated:

    2024-06-04 06:50:39.0

Published:

4 Jun 2024 6:45 AM GMT

തെലങ്കാനയിൽ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം; ഇളക്കമില്ലാതെ ഒവൈസി
X

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ തെലങ്കാനയിൽ കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. 17 ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് എട്ട് മണ്ഡലങ്ങളിൽ ബി.ജെ.പിയും എട്ട് മണ്ഡലങ്ങളിൽ കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. ഹൈദരാബാദില്‍ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്ക് ഇക്കുറിയും ഇളക്കമില്ല. 40000 ലേറെ വോട്ടുകള്‍ക്കാണ് ഒവൈസി മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ചന്ദ്രശേഖര റാവുവിന്‍റെ ബി.ആര്‍.എസ് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഒരു സീറ്റില്‍ പോലും ഇതുവരെ ഭാരത് രാഷ്ട്രസമിതിക്ക് ലീഡ് ചെയ്യാനായിട്ടില്ല.

നേരത്തേ എക്സിറ്റ് പോള്‍ഫലങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് തെലങ്കാനയില്‍ പ്രവചിച്ചിരുന്നത്. ഏഴ് മുതല്‍ ഒമ്പത് വരെ സീറ്റുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും വെന്നിക്കൊടി പാറിക്കുമെന്നായിരുന്നു ഭൂരിപക്ഷം എക്സിറ്റ് പോളുകളുടെയും പ്രവചനം. 2019 ൽ ടി.ആർ.എസ് 9 സീറ്റിൽ വിജയിച്ചപ്പോൾ ബി.ജെ.പി നാല് സീറ്റിലും കോൺഗ്രസ് മൂന്ന് സീറ്റിലുമാണ് വിജയിച്ചത്. ഇക്കുറി ട്രെന്‍റ് ആര്‍ക്കൊപ്പമാണെന്ന കാര്യത്തില്‍ തീരുമാനമാവാന്‍ ഇനിയും കാത്തിരിക്കണം.

അതേ സമയം ദേശീയതലത്തിൽ 295 സീറ്റുകളില്‍ എൻ.ഡി.എ ലീഡ് ചെയ്യുന്നുണ്ട്. ഇൻഡ്യാ സഖ്യം 230 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. ഉത്തർപ്രദേശ് , മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ 27 സീറ്റുകളിൽ ഇൻഡ്യാ സഖ്യമാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബിൽ 10 സീറ്റിലും ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്. എൻ.ഡി.എക്ക് ഒരു സീറ്റിൽപോലും ലീഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.


TAGS :

Next Story