ബിജെപിയും ആർഎസ്എസും വിദ്വേഷവും അക്രമവും ഭയവും പ്രചരിപ്പിക്കുന്നു, വെറുപ്പിനെ സ്നേഹം കൊണ്ട് നേരിടും; രാഹുൽ ഗാന്ധി
ഇൻഡ്യാ സംഖ്യത്തിന്റെ പ്രഥമ പരിഗണന ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിലാണെന്നും രാഹുൽ ഗാന്ധി
ശ്രീനഗർ: അധികാരത്തിലെത്തിയാൽ ഇൻഡ്യാ സംഖ്യത്തിന്റെ പ്രഥമ പരിഗണന ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിൽ അടുത്തമാസം ഇൻഡ്യാ സംഖ്യത്തിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ അവകാശപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എത്രയും വേഗത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചതാണ്. പക്ഷെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ അതിന് തയ്യാറായില്ല. രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയുടെ ആധുനിക ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് അതിന്റെ സംസ്ഥാന പദവി നഷ്ടമാകുന്നത്. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി മുൻഗണനാക്രമത്തിൽ പുനഃസ്ഥാപിക്കേണ്ടതുണ്ട്. കാരണം പ്രത്യേക പദവി എടുത്തു കളഞ്ഞതിലൂടെ നഷ്ടമായത് ജനങ്ങളുടെ അവകാശങ്ങളും സമ്പത്തും കൂടിയാണ്. രാഹുൽ കൂട്ടിച്ചേർത്തു. സർക്കാർ മേഖലകളിൽ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തും, ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തും തുടങ്ങി കോൺഗ്രസ് പ്രകടന പത്രികയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ രാഹുൽ ജമ്മുവിലും ആവർത്തിച്ചു.
ബിജെപിയും ആർഎസ്എസും രാജ്യത്ത് വിദ്വേഷവും അക്രമവും ഭയവും പ്രചരിപ്പിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. രാജ്യത്ത് നടക്കുന്നത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. ഒരു ഭാഗത്ത് വെറുപ്പ്, അക്രമം, ഭയം എന്നിവയും മറുഭാഗത്ത് സ്നേഹവും ബഹുമാനവും. അവർ നാടിനെ വിഭജിക്കുന്നു, ഞങ്ങൾ ഒന്നിപ്പിക്കുന്നു. വെറുപ്പിനെ വെറുപ്പുകൊണ്ട് പരാജയപ്പെടുത്താനാവില്ല. സ്നേഹത്തിന് മാത്രമേ വെറുപ്പിനെ തോൽപ്പിക്കാൻ കഴിയൂ. രാഹുൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന റംബാൻ ജില്ലയിലെ ബനിഹാൽ നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാവ് വികാരർ റസൂൽ വാനിയാണ് ബനിഹാലിലെ കോൺഗ്രസ് സ്ഥാനാർഥി. മണ്ഡലത്തിൽ നിന്നു ഹാട്രിക്ക് വിജയമാണ് റസൂൽ വാനിയുടെ ലക്ഷ്യം.
സെപറ്റംബർ 18, 25, ഒക്ടോബർ 8 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാഷണൽ കാൺഫറൻസുമായി ചേർന്നാണ് കോൺഗ്രസ് സംഖ്യമായി മത്സരിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദക്കിയതിനു ശേഷം ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.
Adjust Story Font
16