Quantcast

വോട്ടിനായി വ്യാജ അപേക്ഷകൾ; തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി കബളിപ്പിക്കുന്നുവെന്ന ആരോപണവുമായി എഎപി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യസന്ധതയെ തകർക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും എഎപി നേതാവ് സഞ്ജയ് സിങ്

MediaOne Logo

Web Desk

  • Published:

    11 Jan 2025 7:56 AM GMT

വോട്ടിനായി വ്യാജ അപേക്ഷകൾ; തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി കബളിപ്പിക്കുന്നുവെന്ന ആരോപണവുമായി എഎപി
X

ന്യൂഡല്‍ഹി: വോട്ടിങിനായി വ്യാജ അപേക്ഷകൾ സമർപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാന്‍, ബിജെപി ശ്രമിക്കുകയാണെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി(എഎപി).

ചെറിയ ബേസ്‌മെന്റുകളില്‍ നിന്നും മറ്റും വോട്ടിനായി വ്യാജ അപേക്ഷകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് ആരോപിച്ചു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി തങ്ങളുടെ നേതാക്കളുടെ വിലാസം ഉപയോഗിച്ചാണ് ഒന്നിലധികം പുതിയ അപേക്ഷകൾ സമർപ്പിച്ചതെന്നും സഞ്ജയ് സിങ് ആരോപിച്ചു.

'ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ അവസ്ഥ. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രധാനമന്ത്രി മോദിയുടെ പാർട്ടി പദ്ധതിയിടുന്നത് ഇങ്ങനെയാണ്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ വിലാസങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു'- അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാനാണ് ബിജെപിയും നേതാക്കളും ശ്രമിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് കുംഭകോണമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യസന്ധതയെ തകർക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും സഞ്ജയ് സിങ് പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കും.

അതേസമയം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നതായി എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ നേരത്തെ ആരോപിച്ചിരുന്നു. ശക്തരായ സ്ഥാനാർഥികളോ രാഷ്‌ട്രീയ പ്രശ്‌നങ്ങളോ അവതരിപ്പിക്കാനില്ലാത്ത ബിജെപി അന്യായമായ മാർഗങ്ങളിലൂടെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ശ്രമിക്കുന്നു എന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

TAGS :

Next Story