Quantcast

ബി.ജെ.പി ബംഗാളികളെ കാളിപൂജ പഠിപ്പിക്കേണ്ട, ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല അവർ-മഹുവ മൊയ്ത്ര

ഹിന്ദുത്വ അജണ്ടയും ഏകശിലാത്മകമായ പ്രത്യയശാസ്ത്രവും മറ്റുള്ള ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിനെതിരെയാണ് താൻ സംസാരിച്ചതെന്ന് മഹുവ വിശദീകരിച്ചു

MediaOne Logo

Web Desk

  • Published:

    8 July 2022 11:59 AM GMT

ബി.ജെ.പി ബംഗാളികളെ കാളിപൂജ പഠിപ്പിക്കേണ്ട, ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല അവർ-മഹുവ മൊയ്ത്ര
X

കൊൽക്കത്ത: കാളി മാതായെക്കുറിച്ചുള്ള പരാമർശം വിവാദമായതിനു പിന്നാലെ ബി.ജെ.പിക്കെതിരെ ആക്രമണം രൂക്ഷമാക്കി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. കാളിപൂജ എങ്ങനെ നടത്തണമെന്ന് ബി.ജെ.പി ബംഗാളികളെ പഠിപ്പിക്കേണ്ട. ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല ബി.ജെ.പിയെന്നും മഹുവ തുറന്നടിച്ചു.

കഴിഞ്ഞ 2,000 വർഷമായി പ്രചാരത്തിലുള്ള വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളുള്ള രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ആളുകളിൽ ഉത്തരേന്ത്യയിലെ ദേവതകളെ ആരാധിക്കുന്ന രീതികളെ അടിസ്ഥാനമാക്കി ബിജെപിക്ക് അവരുടെ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. തങ്ങളുടെ ഹിന്ദുത്വ അജണ്ടയും ഏകശിലാത്മകമായ പ്രത്യയശാസ്ത്രവും മറ്റുള്ള വിഭാഗങ്ങൾക്കുമേൽ അടിച്ചേൽപിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിനെതിരെയാണ് താൻ സംസാരിച്ചതെന്നും അവർ ഒരു ബംഗാളി വാർത്താചാനലിനോട് പ്രതികരിച്ചു. രാജ്യനന്മയ്ക്കായി അത്തരം നീക്കങ്ങൾ ചെറുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സസ്യാഹാരിയും വെളുത്ത വസ്ത്രധാരിയുമായി കാളിയെ ഒരാൾക്ക് സങ്കൽപിക്കാവുന്നതു പോലെ മാംസാഹാരിയായ കാളിയെ സങ്കൽപിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുമുണ്ടെന്ന മഹുവയുടെ പരാമർശമാണ് വിവാദമായത്. ഇന്ത്യയിൽ പല ക്ഷേത്രങ്ങളിലും വഴിപാടായി മത്സ്യമാംസാദികളും കള്ളും അർപ്പിക്കാറുണ്ട്. അസമിലെ കാമാഖ്യ ക്ഷേത്രം ഉദാഹരണമായി മഹുവ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തെ ഉന്നതർക്ക് കാളിപൂജ എങ്ങനെയായിരിക്കണമെന്ന് രേഖാമൂലം എഴുതി കോടതിയിൽ നൽകാനുള്ള ധൈര്യമുണ്ടോയെന്നും മഹുവ വെല്ലുവിളിച്ചു.

എന്നാൽ മഹുവയുടെ അഭിപ്രായത്തെ തൃണമൂൽ തള്ളിയിട്ടുണ്ട്. വിവാദ അഭിപ്രായപ്രകടനത്തിന്റെ പൂർണ ഉത്തരവാദിത്തം മഹുവയ്ക്കു തന്നെയാണെന്നായിരുന്നു തൃണമൂൽ വ്യക്തമാക്കിയത്.

Summary: ''BJP is not custodian of Hindu deities, shouldn't teach Bengalis how to worship Goddess Kali'', says Mahua Moitra

TAGS :

Next Story