ബി.ജെ.പി കോടതിയെ വിലക്കെടുത്തു, ഒറ്റ വോട്ട് പോലും ലഭിക്കില്ല; 26000 അധ്യാപകരുടെ ജോലി പോയതില്‍ മമത ബാനര്‍ജി
പരമോന്നത കോടതി തനിക്ക് നീതി നൽകുമെന്നും മമത പറഞ്ഞു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി.
'ബിജെപിക്കും കോൺഗ്രസിനും സിപിഎമ്മിനും ഒരു വോട്ടുപോലും ലഭിക്കില്ല. അധ്യാപകരുടെ മാത്രമല്ല ഒരു സർക്കാർ ഉദ്യോഗസ്ഥരുടെയും വോട്ട് അവർക്ക് ലഭിക്കില്ല' മമത പറഞ്ഞു.
ജോലി ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് ചൂണ്ടിക്കാട്ടി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 2016 ൽ നടത്തിയ റിക്രൂട്ട്‌മെന്റ് പ്രക്രിയ കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതോടെ 26,000 പേർക്കാണ് ജോലി നഷ്ടമായത്. ഇവരോട് 12 ശതമാനം പലിശ സഹിതം ശമ്പളം തിരികെ നൽകാനും കോടതി ആവശ്യപ്പെട്ടു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ബിജെപി കോടതികളെ വിലക്കെടുത്തിരിക്കുകയാണ്. ഹൈക്കോടതിയും അതിലുണ്ട്. പക്ഷെ തനിക്ക് സുപ്രിംകോടതിയിൽ വിശ്വാസമുണ്ട്. പരമോന്നത നീതി പീഠം തനിക്ക് നീതി നൽകുമെന്നും മമത പറഞ്ഞു.
കോടതികൾ മാത്രമല്ല, സിബിഐ, എൻഐഎ, ബിഎസ്എഫ്, സിഎപിഎഫ്, തുടങ്ങിയവയെല്ലാം ബിജെപിയുടെ കൈകളിലാണ്. അവർ ദൂരദർശന് കാവി നിറം നൽകി. അവർക്ക് എപ്പോഴും ബിജെപിയെക്കുറിച്ചും മോദിയെക്കുറിച്ചും മാത്രമെ പറയാനുള്ളു എന്നും മമത തുറന്നടിച്ചു. അവർ പറയുന്നതെല്ലാം ബഹിഷ്‌കരിക്കണമെന്നും മമത കൂട്ടിച്ചേർത്തു.
എല്ലാ നിയമനങ്ങളും അസാധുവാക്കിയ കോടതി ഉത്തരവിനെതിരെ വൻ പ്രതിഷേധമുയർന്നിട്ടുണ്ട്. ഏതാനും ചിലർ നടത്തിയ അഴിമതിയുടെ പേരിൽ ആയിരക്കണക്കിന് നിരപരാധികളായ അധ്യാപകരും അവരുടെ കുടുംബങ്ങളും വിദ്യാർത്ഥികളും ദുരിതമനുഭവിക്കുകയാണെന്ന് ജോലിനഷ്ടമായ അധ്യാപകർ കുറ്റപ്പെടുത്തി.
Adjust Story Font
16