Quantcast

രാഹുൽ ഗാന്ധി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പി സ്ഥാനാർഥിയുടെ ഫോട്ടോ; വീഡിയോ വൈറല്‍

മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പമായിരുന്നു ബി.ജെ.പി സ്ഥാനാർഥിയുടെയും ഫോട്ടോ കയറിക്കൂടിയത്

MediaOne Logo

Web Desk

  • Published:

    8 April 2024 9:51 AM GMT

Rahul Gandhis rally venue, , Madhya Pradesh, BJP candidate,Congress poster,Faggan Singh Kulaste,Mandla constituency,രാഹുല്‍ ഗാന്ധി,കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലി,ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഫോട്ടോ
X

മണ്ഡ്ല: മധ്യപ്രദേശിൽ രാഹുൽഗാന്ധി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിയുടെ വേദിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ ഫോട്ടോ പതിച്ച ബാനർ.കേന്ദ്രമന്ത്രിയും മണ്ഡ്‌ല മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ഫഗ്ഗൻ സിംഗ് കുലസ്തെയുടെ ഫോട്ടോയാണ് കോൺഗ്രസിന്റെ ഫ്‌ളക്‌സ് ബോർഡിൽ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ മാറിയെന്ന് മനസിലായതോടെ കോൺഗ്രസ് പ്രവർത്തകർ തന്നെ ബോർഡിൽ ചിത്രം മാറ്റുകയും പകരം കോൺഗ്രസ് എംഎൽഎയും സ്ഥാനാര്‍ഥിയുമായ രജനീഷ് ഹർവൻഷ് സിങ്ങിന്റെ ഫോട്ടോ ഉൾപ്പെടുത്തുകയും ചെയ്തു.

മണ്ഡലത്തിലെ സ്ഥാനാർഥിയായ രജനീഷ് ഹർവൻഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലാണ് പ്രവർത്തകർക്ക് അബദ്ധം സംഭവിച്ചത്. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പമായിരുന്നു ബി.ജെ.പി സ്ഥാനാർഥിയുടെയും ഫോട്ടോ കയറിക്കൂടിയത്. പൊതുസമ്മേളനം നടക്കുന്ന വേദിയില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഫോട്ടോ നീക്കം ചെയ്യുന്നതിന്‍റെ വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തതോടെ മധ്യപ്രദേശില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജബൽപൂരിലെ മെഗാ റോഡ്ഷോയ്ക്ക് പിന്നാലെയാണ് മണ്ഡ്ലയിലെ ധനോര ഗ്രാമത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുന്നത്. മധ്യപ്രദേശിൽ നാല് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 നും ബാക്കിയുള്ള ഏപ്രിൽ 26, മെയ് 7, മെയ് 13 തീയതികളിലും നടക്കും.29 ലോക്സഭാ മണ്ഡലങ്ങളാണ് മധ്യപ്രദേശിലുള്ളത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ 29ൽ 28 സീറ്റും നേടി ബിജെപി വൻ വിജയം കരസ്ഥമാക്കിയിരുന്നു. കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ. ചിന്ദ്വാരയാണ് കോൺഗ്രസിന് സീറ്റ് ലഭിച്ച ഏക മണ്ഡലം.


TAGS :

Next Story