'ബംഗാളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു, റീപോളിങ് വേണം': ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബി.ജെ.പി ഇതിനോടകം പരാതി നൽകിയിട്ടുണ്ട്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളുമായി കേന്ദ്ര സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാൻ ഒരുങ്ങി ബി.ജെ.പി. സംസ്ഥാനത്തെ അക്രമ പരമ്പരകൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബി.ജെ.പി ഇതിനോടകം പരാതി നൽകിയിട്ടുണ്ട്.
വോട്ടെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് പലയിടത്തും റീപോളിങ് വേണമെന്ന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പി നേതൃത്വം സമീപിക്കുക. ഭരണകക്ഷിയായ തൃണമൂല്‍ കോൺഗ്രസിന്റെ ഏഴു പ്രവർത്തകരും സി.പി.എം പ്രവർത്തകരായ രണ്ടു പേരും ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകരായ ഓരോരുത്തരും വോട്ടെടുപ്പ് ദിവസം കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകൾ.
പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തും വിന്യസിച്ച കേന്ദ്രസേനയുടെ വിവരങ്ങൾ കൈമാറാൻ ജില്ലാ കളക്ടർമാർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് സിൻഹ നിർദേശം നൽകി.
22 ജില്ലാ പരിഷതുകളിലെ 928 സീറ്റുകളിലേക്കും 9730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 63239 ഗ്രാമ പഞ്ചായത്ത് സീറ്റുകളിലേക്കുമാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ നിരവധി അക്രമ സംഭവങ്ങളാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്തത്. കുച്ച്ബീഹാറിലെ ബരാവിൽ പ്രൈമറി സ്കൂളിലെ പോളിങ് ബൂത്തിൽ അതിക്രമിച്ച് കയറിയ അക്രമികൾ ബാലറ്റ് പേപ്പറുകൾക്ക് തീയിട്ടു. മുർഷിദാബാദിൽ കോൺഗ്രസ് - തൃണമൂൽ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കേന്ദ്ര സേന എത്താതെ വോട്ട് രേഖപ്പെടുത്താൻ പോകില്ലെന്ന് നന്ദിഗ്രാമിലെ ഒന്നാം ബ്ലോക്കിലെ നാട്ടുകാർ പ്രഖ്യാപിച്ചു. മാൾഡ, ഭാംഗോർ, ലസ്കർപൂർ, സാംസർഗഞ്ച് എന്നിവിടങ്ങളിലുണ്ടായ ബോംബേറിൽ രണ്ട് കുട്ടികൾക്കും പരിക്കേറ്റു. ബംഗാളിൽ ആരും സുരക്ഷിതരല്ലെന്ന് ആരോപിച്ച് ബംഗാൾ ഗവർണറെ സി.പി.എം പ്രവർത്തകർ തടഞ്ഞു.
Adjust Story Font
16