Quantcast

മകന്‍ ബുദ്ധമതക്കാരിക്കൊപ്പം ഒളിച്ചോടി; ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

ലഡാക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് നസീര്‍ അഹമ്മദിനെയാണ്(74) പുറത്താക്കിയത്

MediaOne Logo

Web Desk

  • Published:

    18 Aug 2023 4:41 AM GMT

bjp
X

പ്രതീകാത്മക ചിത്രം

ലഡാക്ക്: ബുദ്ധമത വിശ്വാസിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് പിതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി ബി.ജെ.പി. ലഡാക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് നസീര്‍ അഹമ്മദിനെയാണ്(74) പുറത്താക്കിയത്. ഒരു മാസം മുമ്പ് അഹമ്മദിന്‍റെ മകൻ ബുദ്ധമതക്കാരിയായ യുവതിയുമായി ഒളിച്ചോടിയതാണ് വിവാദമായത്.

സംഭവത്തില്‍ അഹമ്മദിനോട് വിശദീകരണം തേടിയതിനു ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ബിജെപിയുടെ ലഡാക്ക് യൂണിറ്റ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. പാർട്ടി എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് പുറത്താക്കൽ തീരുമാനമെടുത്തതെന്നും പറയുന്നു. ലഡാക്ക് മതസമുദായങ്ങൾക്കുള്ളിൽ ഒളിച്ചോട്ടം അനുചിതമായി കണക്കാക്കപ്പെടുന്നുവെന്ന് പാർട്ടി ഊന്നിപ്പറഞ്ഞു. കാരണം ഇത് സാമുദായിക സൗഹാർദ്ദത്തിനും പ്രദേശത്തെ ജനങ്ങൾക്കിടയിലുള്ള ഐക്യത്തിനും ഭീഷണിയാണെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.


ഒരു മാസം മുമ്പ് വിവാഹിതരായ ദമ്പതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നസീർ അഹമ്മദിന്‍റെ മകനെയും യുവതിയെയും കണ്ടെത്തുന്നതിൽ സഹകരിച്ചില്ലെന്ന് ബി.ജെ.പി ആരോപിച്ചു. ബിജെപിയുടെ ദീർഘകാല അനുഭാവിയായ നസീർ അഹമ്മദ് വിഷയത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. താനും കുടുംബവും തന്‍റെ 39 കാരനായ മകൻ മൻസൂർ അഹമ്മദ് 35 വയസ്സുള്ള ബുദ്ധമതക്കാരിയെ വിവാഹം കഴിക്കുന്നതിന് എതിരാണെന്ന് അദ്ദേഹം വിശദീകരിച്ചു.ഹജ്ജ് തീര്‍ഥാടനത്തിന് പോയ സമയത്താണ് വിവാഹം നടന്നതെന്നും നസീര്‍ പറഞ്ഞു. മകനെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് പുറത്താക്കുന്നതിന് മുമ്പ് പാർട്ടി തന്നോട് രാജിവെക്കാൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടി തന്‍റെ മേൽ കുറ്റം ചുമത്തിയെങ്കിലും ആരോപണങ്ങളിൽ അഹമ്മദ് ആശയക്കുഴപ്പം പ്രകടിപ്പിച്ചു. മകനെ തേടി ശ്രീനഗർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളില്‍ പോയി അവനെ കണ്ടെത്താൻ വ്യാപകമായ ശ്രമങ്ങൾ നടത്തിയതായി അദ്ദേഹം പറഞ്ഞു.

TAGS :

Next Story