Quantcast

'ബ്രാഹ്മണർ മതത്തിന്റെ പേരിൽ ആളുകളെ പീഡിപ്പിക്കുന്നു'; വിവാദ പ്രസ്താവന നടത്തിയ നേതാവിനെ പുറത്താക്കി ബിജെപി

ബ്രാഹ്മണർക്കും മറ്റ് പൊതുവിഭാഗക്കാർക്കുമെതിരായ ബിജെപിയുടെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായായിരുന്നു പ്രീതം സിങ്ങിന്റെ പരസ്യപ്രസ്താവനയെന്നാണ് കോൺഗ്രസിന്റെ പ്രതികരണം.

MediaOne Logo

Web Desk

  • Published:

    20 Aug 2022 4:12 PM GMT

ബ്രാഹ്മണർ മതത്തിന്റെ പേരിൽ ആളുകളെ പീഡിപ്പിക്കുന്നു; വിവാദ പ്രസ്താവന നടത്തിയ നേതാവിനെ പുറത്താക്കി ബിജെപി
X

ഭോപ്പാൽ: ബ്രാഹ്മണരെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശിലെ ഗ്വാളിയോർ-ചമ്പൽ മേഖലയിലെ നേതാവ് പ്രീതം സിംഗ് ലോധിയെ ബിജെപിയിൽ നിന്ന് പുറത്താക്കി. ഇന്ന് രാവിലെ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി പാർട്ടി അംഗത്വം റദ്ദാക്കുകയായിരുന്നു. യോദ്ധാ രാജ്ഞി അവന്തിഭായ് ലോധിയുടെ ജന്മദിനത്തിൽ സ്‌കൂളിലെ മികച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യവേ ബ്രാഹ്മണർ 'മതത്തിന്റെ പേരിൽ ആളുകളെ വിഡ്ഢികളാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു' എന്ന് പ്രീതം സിങ് പ്രസ്താവിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

പ്രീതം സിംഗിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കടുത്ത വിമർശനങ്ങളാണ് ബിജെപി അനുകൂലികൾ പ്രീതം സിങ്ങിനെതിരെ നടത്തിയത്. ബിജെപി യുവജന വിഭാഗം നേതാവ് പ്രവീൺ മിശ്ര പ്രീതം സിങ്ങിനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ആളുകൾക്കിടയിൽ ശത്രുത വളർത്താൻ പ്രേരിപ്പിച്ചു എന്നാരോപിച്ചായിരുന്നു പരാതി.

62കാരനായ പ്രീതം സിങ് നാല് കൊലപാതക ശ്രമങ്ങളും രണ്ട് കൊലപാതകങ്ങളുമടക്കം 37 കേസുകളിൽ പ്രതിയാണ്. ഉത്തർപ്രദേശിൽ ബ്രാഹ്മണരുടെ സ്വാധീനം വീണ്ടെടുക്കാൻ ബിജെപി കഠിനമായി പരിശ്രമിക്കുന്നതിടെ ആയിരുന്നു പ്രീതം സിങിന്റെ പ്രസ്താവന. പാർട്ടിയുടെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ ചില പരാമർശങ്ങൾ നടത്തിയതിനാൽ പ്രീതം സിങ്ങിനെ പിന്തുണക്കാൻ പാർട്ടിക്കാവില്ലെന്നും രേഖാമൂലം മാപ്പെഴുതി നൽകിയിട്ടും പാർട്ടിയെ തൃപ്തിപ്പെടുത്താൻ അദ്ദേഹത്തിനായില്ലെന്നും ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ബാഗ്‌വൻദാസ് സബ്‌നാനി പറഞ്ഞു. അതിനാൽ അദ്ദേഹത്തിന്റെ പാർട്ടി അംഗത്വം റദ്ദാക്കുകയാണെന്നും സബ്‌നാനി കൂട്ടിച്ചേർത്തു.

അതേസമയം,ബ്രാഹ്മണർക്കും മറ്റ് പൊതുവിഭാഗക്കാർക്കുമെതിരായ ബിജെപിയുടെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായായിരുന്നു പ്രീതം സിങ്ങിന്റെ പരസ്യപ്രസ്താവനയെന്നാണ് കോൺഗ്രസിന്റെ പ്രതികരണം.

TAGS :

Next Story