Quantcast

എഎപിക്കെതിരെ പുറത്തിറക്കിയ വിഡിയോ തിരിഞ്ഞുകൊത്തി; കുഴി നിറഞ്ഞ റോഡുകൾ ഡല്‍ഹിയിലേതല്ല, ബിജെപി ഭരിക്കുന്ന ഹരിയാനയിലേത്‌

പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് ബിജെപി വിഡിയോയ്‌ക്കെതിരെ ആം ആദ്മി പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    14 Jan 2025 11:33 AM GMT

BJP shares false video of pothole-ridden Faridabad as Delhi roads in their election campaign, Delhi Assembly election 2025,
X

ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. ഒരു വശത്ത് ഇൻഡ്യ മുന്നണിയിലെ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മറുവശത്ത് ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ പ്രചാരണം ശക്തമാക്കുകയാണ്. ഒരു പതിറ്റാണ്ടിലേറെയായി ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി സർക്കാരിനെതിരെ ഒരുപോലെ ആക്രമണം കടുപ്പിക്കുകയാണ് ബിജെപിയും കോൺഗ്രസും.

ഇതിനിടെ, സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ പുതിയ പരസ്യ വിഡിയോയിലൂടെ വെട്ടിലായിരിക്കുകയാണ് ബിജെപി. ഡൽഹിയിലേതെന്നു പറഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ റോഡുകളുടെ ദൃശ്യങ്ങളാണ് പ്രചാരണ വിഡിയോയിലുള്ളത്. എന്നാൽ, ഇവ ബിജെപി തന്നെ ഭരിക്കുന്ന ഹരിയാനയിൽനിന്നുള്ള ദൃശ്യങ്ങളാണെന്നു വസ്തുതാന്വേഷണത്തിൽ വ്യക്തമായിരിക്കുകയാണ്. വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും കാണിച്ചു എഎപി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

നിറയെ കുഴിയും ചെളിയും നിറഞ്ഞ റോഡിലൂടെ ഓട്ടോയിൽ യാത്ര ചെയ്യുന്ന ഉദ്യോഗാർഥികളുടെ ദുരനുഭവം കാണിക്കുകയാണ് വിഡിയോയിലൂടെ. കുഴിയിലാണോ റോഡ്, അതോ റോട്ടിലാണോ കുഴി എന്നു പറയാൻ ബുദ്ധിമുട്ടാണെന്ന അടിക്കുറിപ്പോടെയാണ് ജനുവരി ആറിന് ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ വിഡിയോ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പിലെ പിഴവാണ് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്നും ഇത്തവണ പൊറുപ്പിക്കരുതെന്നും, നമ്മൾ എല്ലാം മാറ്റുമെന്നും വിഡിയോയിൽ അവകാശപ്പെടുന്നുണ്ട്.

എന്നാൽ, ഫാക്ട് ചെക്കിങ് പോർട്ടലായ 'ആൾട്ട് ന്യൂസ്' നടത്തിയ പരിശോധനയിൽ വിഡിയോയിൽ കാണിക്കുന്ന റോഡുകൾ ഹരിയാനയിലുള്ളവയാണെന്നാണു കണ്ടെത്തിയത്. വിഡിയോയിലെ സൂചനാ ഫലകങ്ങളും മറ്റ് അടയാളങ്ങളുമെല്ലാം വച്ച് ഗൂഗിൾ മാപ്പിലെ സ്ട്രീറ്റ് വ്യൂവിൽ തിരഞ്ഞപ്പോഴാണ് ഹരിയാനയിലെ ഫരീദാബാദിലെ റോഡുകളാണ് ഇവയെന്നു വ്യക്തമായത്. എഎപി സർക്കാരിന്റെ മോശം ഭരണം കാണിക്കുകയാണ് വിഡിയോയിലൂടെ ബിജെപി സോഷ്യൽ മീഡിയ സംഘം ലക്ഷ്യമിട്ടതെങ്കിലും ഫലത്തിലിതു തിരിഞ്ഞുകൊത്തിയിരിക്കുകയാണ്.

ഹരിയാനയിൽ തുടർച്ചയായി ബിജെപിയാണു ഭരിക്കുന്നത്. ഇതിനു പുറമെ വിഡിയോയിലെ റോഡുകൾ ഉൾപ്പെട്ട ഫരീദാബാദിലും വർഷങ്ങളായി ബിജെപിയാണു വിജയിക്കുന്നത്. 2014 മുതൽ ബിജെപി വലിയ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണിത്. നിലവിൽ ബിജെപി നേതാവ് വിപുൽ ഗോയൽ ആണ് ഇവിടത്തെ എംഎൽഎ.

അതേസമയം, വ്യാജപ്രചാരണം നടത്തിയെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും കാണിച്ച് ബിജെപി വിഡിയോയ്‌ക്കെതിരെ ആം ആദ്മി പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിലുള്ള റോഡുകൾ ഡൽഹിയിലേതാണെന്നു പറഞ്ഞു വ്യാജ വിഡിയോ ആണ് ബിജെപി പ്രചരിപ്പിക്കുന്നതെന്നു പരാതിയിൽ പറയുന്നു.

ബിജെപി ഡൽഹി ഘടകത്തിന്റെ ഉൾപ്പെടെയുള്ള എക്‌സ് ഹാൻഡിലുകളുടെ സ്‌ക്രീൻഷോട്ടുകളും എഎപി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ വ്യാജ പ്രചാരണം നിരോധിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ചാണ് ബിജെപി വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വിഡിയോ ഉടൻ തന്നെ പിൻവലിക്കുന്നതിനു പുറമെ ശക്തമായ നടപടിയും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി വിഡിയോ ലക്ഷക്കണക്കിനു പേരാണ് ഇതുവരെ കണ്ടിട്ടുള്ളത്. പ്രവർത്തകർ ഉൾപ്പെടെ ആയിരങ്ങൾ ഇതു പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. എക്‌സിൽ മൂന്ന് ലക്ഷത്തിലേറെ പേർ ഫോളോ ചെയ്യുന്ന ബിജെപി അനുകൂല ഹാൻഡിലായ 'മിസ്റ്റർ സിൻഹ'യും വിഡിയോ പോസ്റ്റ് ചെയ്തവരിൽ ഉൾപ്പെടും. അരവിന്ദ് കെജ്‌രിവാൾ ഡൽഹിയിൽ കൊണ്ടുവന്ന 'ലോകോത്തര' അടിസ്ഥാന സൗകര്യ വികസനത്തിന്റെ യാഥാർഥ്യം എന്നു പരിഹസിക്കുകയും ചെയ്തിട്ടുണ്ട് സിൻഹ.

അതേസമയം, ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികളാണെന്ന കാര്യം മറന്നാണ് എഎപിയും കോൺഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പരസ്പരം കൊമ്പുകോർക്കുന്നത്. രാഹുൽ ഗാന്ധിയെ ഉൾപ്പെടെ ആക്രമിക്കുന്നുണ്ട് കെജ്‌രിവാൾ. രാഹുൽ കോൺഗ്രസിനെ രക്ഷിക്കാൻ നോക്കുമ്പോൾ താൻ രാജ്യത്തിന്റെ രക്ഷയ്ക്കായാണ് അധ്വാനിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് പ്രചാരണത്തിനെത്തിയ രാഹുൽ കെജ്‌രിവാളിനെയും എഎപി സർക്കാരിനെയും ആക്ഷേപിച്ചിരുന്നു. വ്യാജവാഗ്ദാനങ്ങൾ നൽകുകയാണ് കെജ്‌രിവാളെന്നും ഡൽഹിയെ അഴിമതിമുക്തമാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടെന്നുമായിരുന്നു വിമർശനം. എന്നാൽ, തന്നെ രാഹുൽ ഒരുപാട് അധിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഒന്നിനും താനിപ്പോൾ മറുപടി പറയുന്നില്ലെന്നായിരുന്നു ഇതിനോട് കെജ്‌രിവാളിന്റെ പ്രതികരണം.

Summary: BJP shares false video of pothole-ridden Faridabad as Delhi roads in their election campaign

TAGS :

Next Story