അഖിലേഷിനെ മലർത്തിയടിക്കാൻ മുലായം സിങ്ങിന്റെ മുൻ അംഗരക്ഷകൻ; കേന്ദ്രമന്ത്രിയെ ഇറക്കി ബി.ജെ.പി
കേന്ദ്ര നിയമ സഹമന്ത്രി എസ്.പി സിങ് ബാഗേൽ നിലവിൽ ആഗ്രയിൽനിന്നുള്ള പാർലമെന്റ് അംഗമാണ്
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സർപ്രൈസ് നീക്കവുമായി ബിജെപി. സമാജ്‌വാദി പാർട്ടി(എസ്.പി) നേതാവ് അഖിലേഷ് യാദവിനെ നേരിടുക കേന്ദ്രമന്ത്രി. എസ്.പി ആചാര്യൻ മുലായം സിങ് യാദവിന്റെ വിശ്വസ്തനായിരുന്ന എസ്.പി സിങ് ബാഗേലിനെയാണ് ബിജെപി മെയിൻപുരിയിലെ കർഹാലിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്ര നിയമ സഹമന്ത്രിയായ എസ്.പി സിങ് ബാഗേൽ നിലവിൽ ആഗ്രയിൽനിന്നുള്ള പാർലമെന്റ് അംഗമാണ്. നേരത്തെ അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു ബാഗേൽ. അഖിലേഷ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. കർഹാലിലേക്ക് ബിജെപി ഏത് സ്ഥാനാർത്ഥിയെ ഇറക്കിയാലും തോൽവി നേരിടേണ്ടിവരുമെന്ന് പത്രിക സമർപ്പിച്ചതിനു ശേഷം അഖിലേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എസ്.പിയും ബി.എസ്.പിയും കടന്ന് ബി.ജെ.പിയിൽ
ഉത്തർപ്രദേശ് പൊലീസ് സേനാംഗമായിരുന്നു എസ്.പി സിങ് ബാഗേൽ. പിൽക്കാലത്ത് മുലായം സിങ്ങിന്റെ അംഗരക്ഷകനുമായി. 1989ൽ മുലായം തന്നെയാണ് ബാഗേലിനെ ആദ്യമായി ലോക്‌സഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. ആ തെരഞ്ഞെടുപ്പിലും തൊട്ടടുത്ത തവണയും പരാജയപ്പെട്ടെങ്കിലും 1998ൽ മൂന്നാം തവണയും ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ബാഗേൽ വിജയം കണ്ട് പാർലമെന്റിലെത്തി.
പിന്നീട് എസ്.പി വിട്ട അദ്ദേഹം ബഹുജൻ സമാജ് പാർട്ടി(ബി.എസ്.പി)യിലേക്ക് കൂടുമാറി. അധികം വൈകാതെ ബി.എസ്.പി വിട്ട് ബി.ജെ.പിയിലുമെത്തുകയായിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അക്കൗണ്ടിൽ മത്സരിച്ച് ജയിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാർട്ടി സീറ്റ് നൽകി രണ്ടാ മോദി സർക്കാരിൽ മന്ത്രിയുമായി.
കർഹാൽ ആരുടെയും കോട്ടയോ ശക്തികേന്ദ്രമോ അല്ലെന്ന് ബാഗേൽ പ്രതികരിച്ചു. കന്നൗജും ഫിറോസാബാദും ഇറ്റാവയുമെല്ലാം(എസ്.പി ശക്തികേന്ദ്രങ്ങൾ) തകർന്നത് ഞാൻ കണ്ടിട്ടുണ്ട്. എല്ലാ ശക്തിയും ഉപയോഗിച്ച് താൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.പി കോട്ടയിൽ തീപാറുമോ?
ഇതാദ്യമായാണ് അഖിലേഷ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് 2012ൽ അദ്ദേഹം യുപി മുഖ്യമന്ത്രിയായത്. സമാജ്വാദി പാർട്ടിയുടെയും മുലായം സിങ്ങിന്റെയും വിശ്വസ്ത തട്ടകമായ മെയിൻപുരി തന്നെയാണ് ആദ്യ പോരാട്ടത്തിന് അഖിലേഷ് വിശ്വസിച്ച് തിരഞ്ഞെടുത്തത്. അഖിലേഷ് പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന അസംഗഢിൽ തന്നെ നിയമസഭാ അങ്കത്തിനും ഇറങ്ങണമെന്ന് പാർട്ടി അണികളിൽനിന്ന് മുറവിളി ശക്തമായിരുന്നു.
1993 മുതൽ എസ്പിയുടെ ഉറച്ച കോട്ടയാണ് കർഹാൽ. 2002ൽ ബിജെപി സീറ്റ് പിടിച്ചടക്കിയതൊഴിച്ചാൽ പിന്നീട് 2007 മുതൽ ഇതുവരെയും എസ്പി നേതാക്കളെ മാത്രമേ മണ്ഡലം തെരഞ്ഞെടുത്ത് അയച്ചിട്ടുള്ളൂ. ഒരു പതിറ്റാണ്ടോളം മുലായം സിങ് പ്രതിനിധീകരിച്ച മണ്ഡലമാണ് സെൻട്രൽ യുപിയിലെ മെയിൻപുരി. യാദവ ശക്തികേന്ദ്രമാണ് മെയിൻപുരി. മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് കർഹാൽ. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യുപി തെരഞ്ഞെടുപ്പിൽ ഫെബ്രുവരി 20നാണ് കർഹാലിൽ വോട്ടെടുപ്പ്.
Summary: BJP fields union minister, former bodyguard of Mulayam Singh SP Singh Baghel to fight Akhilesh Yadav in Karhal
Adjust Story Font
16