Quantcast

സിഖ്, സംവരണ പരാമർശങ്ങൾ: പിന്നാക്ക വിഭാ​ഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം, രാഹുൽ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി

രാ​ഹുലിന്റെ പ്രസ്താവന രാജ്യസുര​ക്ഷക്കും ഐക്യത്തിനും അപകടം വരുത്തുന്നതാണെന്ന് ആരോപണം

MediaOne Logo

Web Desk

  • Published:

    19 Sep 2024 4:34 PM GMT

BJP files police complaints against Rahul Gandhi for his remarks in US on Sikhs, reservation, latest news malayalam, സിഖ്, സംവരണ പരാമർശങ്ങൾ: പിന്നാക്ക വിഭാ​ഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം, രാഹുൽ ഗാന്ധിക്കെതിരെ  പൊലീസിൽ പരാതി നൽകി ബിജെപി
X

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാ​ഹുൽ ​​ഗാന്ധി നടത്തിയ സംവരണത്തെക്കുറിച്ചുള്ള പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി. രാ​ഹുൽ നടത്തിയ പ്രസ്താവന രാജ്യത്തിന്റെ സുര​ക്ഷക്കും പരമാധികാരത്തിനും ഐക്യത്തിനും അപകടം വരുത്തുന്ന രീതിയിലുളളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയത്. രാജ്യത്തെ പിന്നാക്ക വിഭാ​ഗങ്ങളെ ഭിന്നിപ്പിക്കാനാണ് രാഹുൽ പ്രകോപനപരമായ പ്രസ്താവന നടത്തിയതെന്നും പരാതിയിൽ ബിജെപി ആരോപിക്കുന്നുണ്ട്.

ബിജെപി പട്ടികജാതി യൂണിറ്റ് പ്രസിഡൻ്റ് മോഹൻ ലാൽ ഗിഹാര, സിഖ് സെൽ അംഗം ചരൺജിത് സിംഗ് ലൗലി, എസ്ടി വിഭാഗം അംഗം സിഎൽ മീണ എന്നിവരാണ് പരാതിക്കാർ. ഡൽഹിയിലെ പഞ്ചാബി ബാഗ്, തിലക് നഗർ, പാർലമെൻ്റ് സ്ട്രീറ്റ് എന്നീ മൂന്ന് പൊലീസ് സ്റ്റേഷനുകളിലാണ് രാഹുലിനെതിരെ പരാതി നൽകിയിട്ടുള്ളത്.

രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. ജോർജ്ടൗൺ സർവകലാശാലയിൽ നടന്ന വിദ്യാർഥികളുമായുള്ള സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമർശം. സംവരണം നിർത്തലാക്കണമെങ്കിൽ ഇന്ത്യ നീതിയുക്തമായ രാജ്യമാകണമെന്നായിരുന്നു ഒരു വിദ്യാർഥിയുടെ ചോദ്യത്തോട് രാഹുൽ പ്രതികരിച്ചത്. നിലവിൽ ഇന്ത്യയിലെ അവസ്ഥ അത്തരത്തിൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

രാഹുലിന്റെ പ്രസ്താവനക്കെതിരെ ബിജെപിയും ശിവസേനയും രം​ഗത്തുവന്നിരുന്നു. മഹാരാഷ്ട്രയിലും രാജ്യം മുഴുവനും സംവരണത്തിനായുള്ള മുറവിളികൾ ഉയരുമ്പോഴാണ് രാഹുൽ ഗാന്ധി സംവരണം തന്നെ അവസാനിപ്പിക്കുമെന്ന് പറയുന്നതെന്നും രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നും ഷിൻഡെ വിഭാ​ഗം ശിവസേനാ എംഎൽഎ സഞ്ജയ് ഗെയ്‌ക്‌വാദ് പറഞ്ഞത് വിവാദ​മാകുകയും ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രവ്നീത് സിങ് ബിട്ടുവിനെതിരെയും കേസെടുത്തിട്ടുണ്ട്. കർണാടക കോൺഗ്രസിന്റെ പരാതിയിൽ ബെംഗളൂരു പൊലീസാണ് കേസെടുത്തത്. യുഎസ് സന്ദർസനത്തിനിടെ സിഖ് സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശം ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്ര‌മന്ത്രിയുടെ വിമർശനം. രാഹുൽ ഗാന്ധിയാണ് നമ്പർ വൺ ഭീകരവാദിയെന്നും പിടികൂടുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്നും രവ്നീത് സിങ് ബിട്ടു പറഞ്ഞിരുന്നു.

രാഹുൽ യുഎസ് സന്ദർശനത്തിനിടെ നടത്തിയ പ്രസ്താവനകളുടെ പേരിൽ അദ്ദേഹത്തിനെതിരെ വധഭീഷണയടക്കം ഉയർത്തുന്ന ബിജെപി നേതാക്കളുടെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി കോൺ​ഗ്രസ് ബിജെപിക്ക് കത്തയച്ചിരുന്നു. എന്നാൽ രാഹുൽ ​ഗാന്ധി ദേശവിരുദ്ധ ശക്തികൾക്കൊപ്പമാണ് നിൽക്കുന്നതെന്നായിരുന്നു കത്തിന് ബിജെപി അധ്യ​ക്ഷൻ നൽ‍കിയ മറുപടി.

TAGS :

Next Story