Quantcast

അർധരാത്രി വരെ ചർച്ച; ആദ്യ നൂറു പേരുടെ പട്ടിക തയ്യാറാക്കി ബിജെപി

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം

MediaOne Logo

Web Desk

  • Updated:

    2024-03-01 11:23:28.0

Published:

1 March 2024 11:21 AM GMT

bjp leaders
X

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പൂര്‍ത്തിയാക്കി ബിജെപി. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ രാത്രി വൈകും വരെ ചേർന്ന യോഗമാണ് പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

പട്ടിക പ്രകാരം പ്രധാനമന്ത്രി വാരാണസിയിൽനിന്നു തന്നെ മത്സരിക്കും. ഗുജറാത്തിലെ ഗാന്ധിനഗറിൽനിന്ന് അമിത് ഷായും ലഖ്‌നൗവിൽ നിന്ന് രാജ്‌നാഥ് സിങ്ങും വീണ്ടും ജനവിധി തേടും. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കേരള, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയമാണ് ചർച്ചയായത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മന്ത്രിസഭയിൽ അംഗങ്ങളായ രാജ്യസഭാ എംപിമാരെ വരും തെരഞ്ഞെടുപ്പില്‍ കളത്തിലറക്കാൻ ധാരണയായിട്ടുണ്ട്. ഇതുപ്രകാരം ധനമന്ത്രി നിർമല സീതാരാമൻ, കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, സർബാനന്ദ് സൊനോവാൾ, ജ്യോതിരാദിത്യ സിന്ധ്യ, വി മുരളീധരൻ എന്നിവർ തെരഞ്ഞെടുപ്പു ഗോദയിലുണ്ടാകും. പശ്ചിമബംഗാളിലെ അസൻസോളിൽ ശത്രുഘ്‌നൻ സിൻഹയെ നേരിടാൻ ഭോജ്പുരി താരം പവൻ സിങ്ങിനെ ഇറക്കാനും ധാരണയായിട്ടുണ്ട്.

രാത്രി പത്തരയ്ക്ക് ആരംഭിച്ച യോഗം നാലു മണിക്കൂറാണ് നീണ്ടത്. പൊതുജനങ്ങളിൽനിന്നുള്ള അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയത്. നമോ ആപ് വഴി ഇക്കാര്യത്തിൽ പ്രതികരിക്കാൻ പ്രവർത്തകർക്ക് അവസരമുണ്ടായിരുന്നു. നിലവിലെ എംപിമാരുടെ പ്രവർത്തനത്തെ വിലയിരുത്താനും ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story