'അജിത് പവാറിന് മുഖ്യമന്ത്രിയാകണോ? ശരത് പവാറിനെ എന്‍.ഡി.എയില്‍ എത്തിക്കണമെന്ന് മോദി പറഞ്ഞു'
അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി ബി.ജെ.പി ആശങ്കയിലാണെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണമെന്ന അജിത് പവാറിന്‍റെ സ്വപ്നം പൂവണിയണമെങ്കില്‍ അമ്മാവന്‍ ശരത് പവാറിനെ എന്‍.ഡി.എ പാളയത്തിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെന്ന് ആരോപണം. പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാറാണ് ഇക്കാര്യം പറഞ്ഞത്. അനന്തരവനും അമ്മാവനും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോൺഗ്രസ് നേതാവ്. അജിത് പവാര്‍ ശരത് പവാറുമായി നിരന്തരം കൂടിക്കാഴ്ച നടത്താന്‍ കാരണം ഇതാണെന്ന് വിജയ് വഡേത്തിവാര്‍ പറഞ്ഞു.
"അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി ബി.ജെ.പി ആശങ്കയിലാണ്. രണ്ട് പാർട്ടികൾ പിളർന്നിട്ടും അവര്‍ തൃപ്തരായില്ല. അതിനാൽ എൻ.സി.പി സ്ഥാപക നേതാവിനെ തങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ അവര്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് നല്ല ജനപിന്തുണയുള്ള വലിയ നേതാക്കളിൽ ഒരാളാണ് അദ്ദേഹം എന്ന് അവർക്കറിയാം. അതിനാൽ അവർക്ക് വിജയിക്കാന്‍ അദ്ദേഹത്തിന്റെ പിന്തുണ ആവശ്യമാണ്"- പ്രതിപക്ഷ നേതാവ് പറഞ്ഞു.
എൻ.സി.പി അധ്യക്ഷൻ ശരത് പവാര്‍ ഒടുവിൽ ബി.ജെ.പിയിൽ ചേരുകയാണെങ്കിൽ കോണ്‍ഗ്രസിന് മുന്നില്‍ പദ്ധതികളുണ്ടോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടിയിങ്ങനെ- "കോൺഗ്രസ് ദേശീയ പാർട്ടിയായതിനാൽ എപ്പോഴും നിരവധി പദ്ധതികൾ തയ്യാറാണ്".
അതേസമയം താന്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ മാറ്റം കൊണ്ടുവരാൻ ശ്രമിക്കും. അജിത് പവാറുമായുള്ള കൂടിക്കാഴ്ച കുടുംബകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്‍.സി.പിയില്ലാതെ മത്സരിക്കുന്നതിന് കോൺഗ്രസും ശിവസേന ഉദ്ധവ് പക്ഷവും പ്ലാൻ ബി തയ്യാറാക്കുന്നുവെന്ന അഭ്യൂഹം തെറ്റാണെന്നും ശരത് പവാര്‍ പറഞ്ഞു- 'പ്ലാൻ ബി എന്ന വാർത്ത തെറ്റാണ്. അത്തരത്തിലുള്ള ഒരു പദ്ധതിയുമില്ല. 2024ൽ മാറ്റം ആവശ്യമാണ്. ഞങ്ങൾ അതിനായി തയ്യാറെടുക്കുകയാണ്".
Adjust Story Font
16