സിറ്റിംഗ് എംഎൽഎയെ മാറ്റി; തൂക്കുപാലം തകർന്ന മോർബിയിൽ രക്ഷാപ്രവർത്തകനായ മുൻ എംഎൽഎയെ സ്ഥാനാർഥിയാക്കി ബിജെപി
135 പേരുടെ മരണത്തിനാണ് ഒക്ടോബർ 30ന് നടന്ന തൂക്കുപാലം തകർച്ച ഇടയാക്കിയത്
ന്യൂഡൽഹി: 135 പേരുടെ മരണത്തിന് ഇടയാക്കിയ തൂക്കുപാലം തകർച്ചയുണ്ടായ ഗുജറാത്തിലെ മോർബിയിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മുൻ എംഎൽഎയെ സ്ഥാനാർഥിയാക്കി ബിജെപി. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെന്ന് ചില റിപ്പോർട്ടുകളിലുണ്ടായിരുന്ന കാന്തിലാൽ അമൃതിയയെ(60)യാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. നിലവിൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ബ്രിജേഷ് മെർജയെ തഴഞ്ഞാണ് കാന്തിലാലിനെ സ്ഥാനാർഥിയാക്കിയത്. അടുത്ത മാസമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നത്.
തൂക്കുപാലം തകർന്നപ്പോൾ കാന്തിലാൽ പുഴയിലേക്ക് ചാടി നിരവധി പേരെ രക്ഷിച്ചതായി ചില റിപ്പോർട്ടുകളുണ്ടായിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ലൈഫ് ജാക്കറ്റ് ധരിച്ച് ഇദ്ദേഹം രക്ഷാപ്രവർത്തനം നടത്തുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. നേരത്തെ ബിജെപി തയ്യാറാക്കിയ പട്ടികയിൽ അമൃതിയ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. എന്നാൽ ദുരന്തം സംഭവിച്ചതോടെ ഇദ്ദേഹത്തെ തിരഞ്ഞെടുക്കാൻ പാർട്ടി നിർബന്ധിതരാകുകയായിരുന്നു. 22 വർഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് വലിയ വെല്ലുവിളിയാണ് മോർബി ദുരന്തം ഉയർത്തിയത്. ഒക്‌ടോബർ 30നാണ് നൂറ്റാണ്ടിലേറെ പഴക്കമുള്ള തൂക്കുപാലം തകർന്നത്.
തൂക്കുപാലത്തിൻറെ അറ്റകുറ്റ പണിയിൽ വ്യാപക അഴിമതി
മോർബി തൂക്കുപാലത്തിന്റെ അറ്റകുറ്റ പണിയിൽ വ്യാപക അഴിമതി ആരോപിക്കപ്പെട്ടിരുന്നു. കരാർ തുകയായ 2 കോടിയിൽ 12 ലക്ഷം രൂപ മാത്രമാണ് പാലത്തിന്റെ അറ്റകുറ്റ പണികൾക്കായി ചെലവഴിച്ചത്. പാലം അറ്റകുറ്റ പണിക്ക് ഉപകരാർ എടുത്ത ദേവ്പ്രകാശ് സൊലൂഷൻസിന് മതിയായ മുൻപരിചയം ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ടെൻഡർ പോലും വിളിക്കാതെയാണ് 15 വർഷത്തേക്ക് നൂറ്റാണ്ടിലേറെ പഴക്കമുള്ള മോർബി തൂക്കുപാലത്തിന്റെ പരിപാലന മേൽനോട്ട ചുമതലയുടെ കരാർ ഒരേവ കമ്പനിക്ക് നൽകിയിരുന്നത്. അജന്ത ഗ്രൂപ്പിന് കീഴിൽ വാച്ച് നിർമിക്കുന്ന ഒരേവ കമ്പനിക്ക് പാലത്തിന്റെ അറ്റകുറ്റ പണിയിൽ മുൻപരിചയം ഇല്ലാത്തതിൽ പ്രതിപക്ഷ പാർട്ടികൾ നേരത്തെ സംശയം ഉന്നയിച്ചിരുന്നു. അറ്റകുറ്റ പണിക്കായി ഉപകരാർ എടുത്ത ദേവ്പ്രകാശ് സൊലൂഷൻസിനും മതിയായ മുൻപരിചയം ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ടെൻഡർ തുകയായ 2 കോടിയിൽ 12 ലക്ഷം രൂപ മാത്രമാണ് പാലത്തിന്റെ അറ്റകുറ്റ പണികൾക്കായി ചെലവഴിച്ചത്. പാലത്തിൽ സ്ഥാപിച്ചിരുന്ന മരപ്പാളികൾക്ക് പകരം അലൂമിനിയം പാളികൾ സ്ഥാപിക്കുകയും കേബിളുകൾ പെയിൻറ് ചെയ്യുകയും മാത്രമാണ് കമ്പനി പാലത്തിൽ ചെയ്തത്. കരാറിലെ വ്യവസ്ഥകളായ തുരുമ്പിച്ച കേബിളുകൾ മാറ്റുകയോ ആവശ്യമായ സ്ഥലത്ത് ഗ്രീസ് ഇടുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിക്കുന്ന രേഖകളും ദേവ്പ്രകാശ് സൊലൂഷൻസിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെടുത്തു.
BJP has fielded a former MLA who was a rescue worker in Morbi Bridge Collapse
Adjust Story Font
16