മധ്യപ്രദേശിൽ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി
മധ്യപ്രദേശിൽ 228 സീറ്റുകളിലേക്ക് ബി.ജെ.പിക്ക് സ്ഥാനാർഥികളായി
ഭോപ്പാൽ: മധ്യപ്രദേശിൽ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. അഞ്ചാം ഘട്ടത്തിൽ 92 സ്ഥാനാർത്ഥികളെ ആണ് പ്രഖ്യാപിച്ചത്. ഇതോടെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ 228 സീറ്റുകളിലേക്കും ബിജെപിക്ക് സ്ഥാനാർഥികളായി.
ജ്യോതിരാദിത്യയുടെ ബന്ധുവായ യശോധര രാജെ സിന്ധ്യ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ദേവേന്ദ്ര കുമാർ ജെയിനിനാണ് ശിവപുരി മണ്ഡലത്തിൽ ജനവിധി തേടുന്നത്. അടുത്തിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന സച്ചിൻ ബിർലക്ക് ബർവാഹ് മണ്ഡലം നൽകി. കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ സിദ്ധാർഥ് രാജ് തിവാരിക്കും ബി.ജെ.പി സീറ്റ് നൽകിയിട്ടുണ്ട്.
നേരത്തെ 144 സീറ്റുകളിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പൂട്ടാൻ കോൺഗ്രസ് രംഗത്തിറക്കിയത് വ്യത്യസ്തനായ സ്ഥാനാർത്ഥിയെയാണ് .രാമായണത്തിന്റെ രണ്ടാം ഭാഗത്തിൽ ഹനുമാനായി വേഷമിട്ട വിക്രം മസ്താൽ ആണ് മുഖ്യന്റെ എതിരാളി . മധ്യപ്രദേശിൽ അറിയപ്പെടുന്ന നടനും അവതാരകനുമാണ് വിക്രം മസ്താൽ.
നാല് തവണ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനെ ബുധിനി മണ്ഡലത്തിൽ പിടിച്ചു കെട്ടുകയാണ് കോൺഗ്രസ് വിക്രം മസ്താലിനെ ഏല്പിച്ചിരിക്കുന്ന ദൗത്യം . 2006 മുതൽ തുടർച്ചയായി വിജയിക്കുന്ന ശിവരാജ് സിംഗിനെ തോൽപ്പിക്കാൻ കോൺഗ്രസ് പല സ്ഥാനാർഥികളെയും മാറിമാറി പരീക്ഷിച്ചതാണ്. മുൻ മുഖ്യമന്ത്രി സുഭാഷ് യാദവിന്റെ മകനും മുൻ പിസിസി അധ്യക്ഷനുമായ അരുൺ യാദവായിരുന്നു കഴിഞ്ഞ തവണ സ്ഥാനാർഥി .
58000 വോട്ടിനാണ് ശിവരാജ് സിങ് വിജയക്കൊടി പാറിച്ചത് . ന്യൂനപക്ഷ സമ്മർദ്ദത്തിന് കോൺഗ്രസ് കീഴടങ്ങുന്നു എന്ന ആരോപണം കൂടി വിക്രം മസ്താലിന്റെ സ്ഥാനാർഥിത്വത്തോടെ മറികടക്കാമെന്നു കോൺഗ്രസ് വിലയിരുത്തുന്നത്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് വിക്രം മസ്താൽ കോൺഗ്രസിൽ ചേർന്നത്. അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം ബുധിനിയിലെ സീറ്റ് മോഹികളായ പ്രാദേശിക കോൺഗ്രസ് നേതാക്കളെ നിരാശപ്പെടുത്തിയിരിക്കുകയാണ് . ഇത് തിരിച്ചടിയാകുമോ എന്ന ഭയം കോൺഗ്രസിനുണ്ട് .
നവംബർ 17നാണ് മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് ഫലമറിയാം.
Adjust Story Font
16