മോദി പരസ്യങ്ങൾ, പത്ത് വർഷത്തിനിടെ ബിജെപി ചെലവാക്കിയത് 1203 കോടി രൂപ
ഒന്നാം മോദി സർക്കാർ 832 കോടി രൂപയും രണ്ടാം മോദി സർക്കാർ 370 കോടി രൂപയും പരസ്യത്തിനായി ചെലവാക്കി
പത്ത് വർഷത്തിനിടെ മോദി സർക്കാർ പരസ്യത്തിനായി ചെലവാക്കിയത് 1203 കോടി രൂപ. ഒന്നാം മോദി സർക്കാർ 832 കോടി രൂപയും രണ്ടാം മോദി സർക്കാർ 370 കോടി രൂപയും പരസ്യത്തിനായി ചെലവാക്കി. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് പരസ്യത്തിനായി ചെലവഴിച്ച തുക വ്യക്തമാക്കുന്നത്.
അധികാരത്തിൽ എത്തിയ ആദ്യ വർഷം തന്നെ 81.27 കോടി രൂപ പരസ്യച്ചെലവ്. 2014 മുതൽ പിന്നീടുള്ള വർഷങ്ങളിൽ ഈ ചെലവ് ഇരട്ടിയിലേറെയാവുകയായിരുന്നു.
രണ്ടാം മോദി ഭരണകാലത്തും ഇതേ സ്ഥിതി തന്നെ തുടർന്നു. ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളിൽ 111ആം സ്ഥാനത്ത് ഇന്ത്യ ഇടംപിടിച്ച സാഹചര്യത്തിൽ കൂടിയാണ് സർക്കാറിന്റെ ഈ ധൂർത്ത്.
ഗൂഗിളിലും യൂട്യുബിലും രാഷ്ട്രീയ പരസ്യങ്ങൾ നൽകാൻ ബിജെപി ചെലവാക്കിയത് 100 കോടി രൂപയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ ഡിജിറ്റൽ ക്യാമ്പയിനുകൾക്കായി ഭീമൻ തുക ചെലവഴിക്കുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറി. 101 കോടിയിലധികം രൂപ ബിജെപിയുടെ ഡിജിറ്റൽ ക്യാമ്പയിനുകൾക്കായി ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്. 2018 മെയ് 31 നും 2024 ഏപ്രിൽ 25 നും ഇടയിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ പരസ്യങ്ങളിലെ ബിജെപിയുടെ വിഹിതം മൊത്തം ചെലവിൻ്റെ 26 ശതമാനമാണ്. അതായത്, ഗൂഗിൾ രാഷ്ട്രീയം എന്ന് തരംതിരിച്ച പരസ്യങ്ങൾക്കായി 2018 മുതൽ ചെലവഴിച്ചത് 390 കോടി രൂപ.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങൾ നൽകാൻ ഗൂഗിളിന് മാത്രം ബി.ജെ.പി നൽകിയത് 39 കോടി രൂപയാണ്. ഗൂഗിളിന്റെ പരസ്യ സുതാര്യതാ കേന്ദ്രത്തിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജനുവരി 1 മുതൽ ഏപ്രിൽ 11 വരെ ഗൂഗിൾ വഴി 80,667 രാഷ്ട്രീയ പരസ്യങ്ങളാണ് ബി.ജെ.പി നൽകിയത്.
മാര്‍ച്ച് 17 മുതല്‍ 23 വരെയുള്ള കാലയളവില്‍ മെറ്റ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും അനുകൂല പരസ്യത്തിനായി ബിജെപി 23 ലക്ഷം രൂപയും ബിജെപിയുമായി ബന്ധമുണ്ടെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാക്കാത്ത ഏഴ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ബിജെപി അനുകൂല ഉള്ളടക്കം പങ്കുവക്കാനായി 85 ലക്ഷം രൂപയുമാണ് ചെലവിട്ടത്. മീമുകളായും എഡിറ്റഡ് വിഡിയോകളായും ഉള്ളടക്കം പങ്കുവെക്കുന്ന പ്രമുഖ സാമൂഹ്യമാധ്യമ അക്കൗണ്ടുകളെ ബിജെപി പ്രചരണത്തിനായി കൂട്ടുപിടിച്ചെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 17 മുതല്‍ 23 വരെ 20 പ്രമുഖ രാഷ്ട്രീയ പരസ്യദാതാക്കള്‍ 1.38 കോടി രൂപയാണ് മെറ്റ പ്ലാറ്റ്‌ഫോമില്‍ ചെലവിട്ടത്.
Adjust Story Font
16