ബി.ജെ.പി 'അധികാര ജിഹാദ്' നടത്തുന്നു; ഉദ്ധവ് താക്കറെ
തങ്ങളുടെ സഖ്യകക്ഷികളെ ബി.ജെ.പി പിളർത്തുകയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.
മുംബൈ: ഭരണത്തിലിരിക്കാൻ രാഷ്ട്രീയ പാർട്ടികളെ തകർത്ത് ബി.ജെ.പി അധികാര ജിഹാദിൽ മുഴുകുകയാണെന്ന് ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ. ശിവസേനയിലെയും എൻ.സി.പിയിലേയും പിളർപ്പ് ചൂണ്ടിക്കാട്ടി, തങ്ങളുടെ സഖ്യകക്ഷികളെ ബി.ജെ.പി തകർക്കുകയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.
'ഞങ്ങളുടെ ഹിന്ദുത്വം വിശദീകരിച്ചതിന് ശേഷവും മുസ്‌ലിംകൾ ഞങ്ങളോടൊപ്പമുണ്ടെങ്കിൽ, ബി.ജെ.പിയുടെ അഭിപ്രായത്തിൽ ഞങ്ങൾ ഔറംഗസേബ് ഫാൻ ക്ലബ് ആണ്. അങ്ങനെയെങ്കിൽ ബി.ജെ.പി ചെയ്യുന്നത് പവർ ജിഹാദാണ്'- പൂനെയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ താക്കറെ പറഞ്ഞു.
തന്നെ ഔറംഗസേബ് ഫാൻസ് ക്ലബ്ബിൻ്റെ തലവനെന്ന് വിളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെയും ഉദ്ധവ് രംഗത്തെത്തി. പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ പരാജയപ്പെടുത്തിയ അഫ്ഗാൻ ഭരണാധികാരി അഹമ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിൻഗാമിയാണ് അമിത് ഷായെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
'മുഖ്യമന്ത്രി മാജി ലഡ്‌കി ബഹിൻ' പദ്ധതിയെച്ചൊല്ലി ഏകനാഥ് ഷിൻഡെ സർക്കാരിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. വോട്ടർമാർക്ക് കൈക്കൂലിയായി അവർ സൗജന്യങ്ങൾ നൽകുകയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു. ജൂലൈ 21ന്, മഹാരാഷ്ട്രയിലെ പൂനെയിൽ ബി.ജെ.പി കോൺക്ലേവിനെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷാ, മഹാ വികാസ് അഘാഡി സഖ്യത്തെ 'ഔറംഗസേബ് ഫാൻസ് ക്ലബ്' എന്ന് വിളിച്ചതും ഉദ്ധവ് താക്കറെ അതിൻ്റെ നേതാവാണെന്ന് ആരോപിച്ചതും.
Adjust Story Font
16