Quantcast

‘ഡൽഹിയിൽ വോട്ടർമാരെ പട്ടികയിൽനിന്ന്​ നീക്കാൻ ബിജെപി ശ്രമം’; ആരോപണവുമായി കെജ്​രിവാൾ

‘ആം ആദ്​മി പാർട്ടി 5000 വോട്ടിന്​ വിജയിച്ച ഷഹ്​ദരയിൽ ഒഴിവാക്കിയത്​ 11,000 വോട്ടർമാരെ’

MediaOne Logo

Web Desk

  • Updated:

    2024-12-06 12:54:25.0

Published:

6 Dec 2024 11:53 AM GMT

Delhi Chief Minister Arvind Kejriwal Will Resign Tomorrow
X

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഡല്‍ഹിയിലെ നിരവധി വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. വാര്‍ത്താസമ്മേളനത്തിലാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുടെ ആരോപണം.

നിരവധി മണ്ഡലങ്ങളിലെ ആയിരക്കണക്കിന് വോട്ടര്‍മാരെ നീക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ കമ്മീഷന് മുമ്പാകെ ബിജെപി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. ഷഹ്​ദര, ജനക്പുരി, ലക്ഷ്മി നഗര്‍ എന്നിവയടക്കമുള്ള മണ്ഡലങ്ങളിലെ വോട്ടര്‍മാരെയാണ് ഒഴിവാക്കുന്നത്.

ഷഹ്​ദര മേഖലയിലെ 11,018 വോട്ടര്‍മാരുടെ പേര് നീക്കാനാണ് ബിജെപി അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതില്‍ 500 പേരു​ടെ വിവരങ്ങൾ പരിശോധിച്ചപ്പോള്‍ 75 ശതമാനം പേരും ഇപ്പോഴും അവിടെ താമസിക്കുന്നുണ്ടെന്ന് വ്യക്തമായി. പക്ഷെ, അവരുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയിരിക്കുകയാണ്.

കഴിഞ്ഞതവണ ഏകദേശം 5000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷഹദര മണ്ഡലത്തില്‍നിന്ന് ആം ആദ്മി പാര്‍ട്ട് വിജയിക്കുന്നത്. ഇവിടെയാണ് 11,000 വോട്ടര്‍മാരെ നീക്കിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും എഎപിയെ പിന്തുണക്കുന്നവരാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ അപേക്ഷകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യതയുടെ ഭാഗമായി പ്രസിദ്ധീകരിക്കണമെന്നും അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഇതുവഴി​ അവകാശവാദങ്ങളുടെ ആധികാരികത പരിശോധിക്കാനും തെരഞ്ഞെടുപ്പ്​ പ്രക്രിയയുടെ സമഗ്രത ഉറപ്പാക്കാനും പൗരൻമാർക്ക്​ സാധിക്കും. വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നും കെജ്​രിവാൾ വ്യക്​തമാക്കി.

TAGS :

Next Story