Quantcast

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ബിജെപിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവ്

പാര്‍ട്ടി ദുര്‍ബലമായ ഈ ബൂത്തുകളിലെ വോട്ടര്‍മാരെ ആകര്‍ഷിച്ച് ബിജെപിയില്‍ ചേര്‍ക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    4 Sep 2024 6:15 AM GMT

madhya pradesh bjp membership drive
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ബിജെപിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവ്. സംസ്ഥാനത്തെ 11 നിയോജക മണ്ഡലങ്ങൾക്ക് കീഴിലുള്ള 15,000 ബൂത്തുകളിലെ വോട്ടര്‍മാരെയാണ് പാര്‍ട്ടി ലക്ഷ്യം വച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ കുത്തകയായ ഈ ബൂത്തുകള്‍ ഒരിക്കല്‍ പോലും ബിജെപിയെ പിന്തുണച്ചിട്ടില്ല. പാര്‍ട്ടി ദുര്‍ബലമായ ഈ ബൂത്തുകളിലെ വോട്ടര്‍മാരെ ആകര്‍ഷിച്ച് ബിജെപിയില്‍ ചേര്‍ക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു.

ഈ ബൂത്തുകളിൽ ബിജെപിയുടെ അടിത്തറ ഉറപ്പിക്കാൻ പാർട്ടി നേതൃത്വം ഇരുതല തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി പ്രവർത്തകരോട് ഈ ബൂത്തുകളിൽ വീടുവീടാന്തരം സന്ദർശനം നടത്തി ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് പുറമെ സംസ്ഥാന ബിജെപി സർക്കാരിൻ്റെയും കേന്ദ്രത്തിൻ്റെയും നേട്ടങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാൻ പാർട്ടി പ്രവർത്തകരോട് നിര്‍ദേശിച്ചു. അതേസമയം, നിലവിലെ മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ മധ്യപ്രദേശിൽ 1.50 കോടി ആളുകളെ ചേര്‍ക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ നടന്ന മെമ്പർഷിപ്പ് ഡ്രൈവിൽ ബിജെപി 95 ലക്ഷം അംഗങ്ങളെ ചേർത്തിരുന്നു.

''മധ്യപ്രദേശിൽ അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2.24 കോടി വോട്ടുകൾ ബിജെപി നേടിയിരുന്നു, ഇത് സംസ്ഥാനത്തെ 29 സീറ്റുകളിലും പാർട്ടിയെ വിജയിപ്പിക്കാൻ സഹായിച്ചു. ഈ വോട്ടർമാരെയെല്ലാം ബിജെപിയിലേക്ക് ആകർഷിക്കാൻ ശ്രമിക്കണം," സംസ്ഥാന ബിജെപി അധ്യക്ഷൻ വിഷ്ണു ദത്ത് ശർമ്മ മുതിർന്ന പാർട്ടി നേതാക്കളുടെ യോഗത്തിൽ പറഞ്ഞു. മധ്യപ്രദേശിൽ 1.50 കോടി ആളുകളെ പാർട്ടിയിൽ അംഗങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ ജനപ്രതിനിധികള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് വരെ ചുമതല നല്‍കിയിട്ടുണ്ട്. 25,000 പേരെ അംഗങ്ങളാക്കാനാണ് എംപിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എംഎല്‍എമാര്‍ 15,000 പേരെയും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ക്കണം. അതുപോലെ, നഗര-ഗ്രാമ തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും നിശ്ചിത വോട്ടര്‍മാരെ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി മോഹൻ യാദവ് മിസ്ഡ് കോൾ വഴി പാർട്ടി അംഗമാക്കുന്ന അംഗത്വ യജ്ഞത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.

അതേസമയം ഒഡിഷയിലും ബിജെപിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മോഹൻ ചരൺ മാജ്ഹി, വിജയ് പാല്‍ സിംഗ് തോമർ എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടി അധ്യക്ഷൻ മൻമോഹൻ സമൽ ആണ് അംഗത്വ ക്യാമ്പ് ആരംഭിച്ചത്. ഒരു കോടി ആളുകളെ ചേര്‍ക്കുകയാണ് ലക്ഷ്യം.

TAGS :

Next Story