ഹിന്ദി ഹൃദയഭൂമിയിലെ ഒ.ബി.സി വോട്ടുകൾ ലക്ഷ്യമിട്ട് ലവ് കുശ് യാത്രയുമായി ബി.ജെ.പി
ബിഹാറിലെ പട്‌നയിൽനിന്ന് ഇന്ന് ആരംഭിക്കുന്ന യാത്ര പ്രാണ പ്രതിഷ്ഠാദിനത്തിൽ അയോധ്യയിലെത്തിച്ചേരും.
പട്‌ന: ഹിന്ദി ഹൃദയ ഭൂമിയിലെ ഒ.ബി.സി വോട്ടുകൾ ലക്ഷ്യംവെച്ചുള്ള ബി.ജെ.പിയുടെ ലവ് കുശ് യാത്ര ഇന്ന് ആരംഭിക്കും. ബിഹാറിലെ പട്‌നയിൽനിന്ന് ഇന്ന് ആരംഭിക്കുന്ന യാത്ര പ്രാണ പ്രതിഷ്ഠാദിനത്തിൽ അയോധ്യയിലെത്തിച്ചേരും. ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് സ്വാധീനമുള്ള ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ യാത്ര.
അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ രാമക്ഷേത്രം തന്നെയാണ് ബി.ജെ.പിയുടെ തുറുപ്പുചീട്ട്. ഇതിനു മുന്നോടിയായി ബിഹാറിലെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ലവ് കുശ് യാത്രയിലൂടെ ബി.ജെ.പിക്കുള്ളത്. ഹിന്ദുമത വിശ്വാസപ്രകാരം ശ്രീരാമ സീത ദമ്പതികളുടെ മക്കളാണ് ലവ കുശൻമാർ. ഇവരുടെ പിന്മുറക്കാർ എന്ന് വിശ്വസിക്കുന്ന കോയേരി, കുർമി എന്നീ കർഷക വിഭാഗങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആണ് പരമ്പരാഗതമായി പിന്തുണയ്ക്കുന്നത്. രാമായണത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിലൂടെ കടന്നുപോകുന്ന യാത്ര ഈ മാസം 22ന് പ്രാണ പ്രതിഷ്ഠ നടക്കുന്ന അയോധ്യയിലെത്തും. ജനപ്രതിനിധികൾ മതപണ്ഡിതന്മാർ പൗരപ്രമുഖർ എന്നിവർ ഭാഗമാകുന്ന യാത്രയിൽ ഹിന്ദുമത വിശ്വാസപ്രകാരമുള്ള പൂജാകർമ്മങ്ങളും ഹോമങ്ങളും നടക്കും.
അയോധ്യയിലൂടെ ഉത്തർപ്രദേശിന് പുറമേ ബിഹാറിലും സ്വാധീനമുറപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാമ ജന്മഭൂമി എന്ന ബി.ജെ.പിയുടെ തന്ത്രത്തിന് ബദലായി സീതാജന്മഭൂമി എന്ന ആശയം മുൻനിർത്തിയാണ് നിതീഷ് കുമാർ സംസ്ഥാനത്തെ ഹിന്ദു വോട്ടുകൾ ഉന്നംവെച്ചത്. ഈ നീക്കത്തെ തകർക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ബി.ജെ.പി നടത്തുന്ന ലവ് കുശ് യാത്രയ്ക്ക്. സീതാ ക്ഷേത്ര പുനരുദ്ധാരണത്തിനും തീർഥാടനത്തിനുമായി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് നിതീഷ് കുമാർ സർക്കാർ പ്രഖ്യാപിച്ചിരുന്നത്. യാത്ര പൂർത്തിയാക്കുന്നതോടെ രാഷ്ട്രീയ ലോക ജനതാദൾ നേതാവ് ഉപേന്ദ്ര കുഷ്വാഹയുമായി അടുക്കാൻ കഴിയുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നുണ്ട്.
Adjust Story Font
16