പാർലമെന്റ് അതിക്രമത്തിൽ വ്യാജ പ്രചരണവുമായി 'സംഘി പ്രിൻസ്'; തമിഴ്നാട്ടിൽ ബിജെപി നേതാവിനെതിരെ കേസ്
'സംഘി പ്രിൻസ്' എന്ന എക്സ് പ്രൊഫൈലിലൂടെയാണ് ഇയാളുടെ കുപ്രചരണം.
ചെന്നൈ: പാർലമെന്റ് അതിക്രമവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയതിന് തമിഴ്നാട്ടിൽ ബിജെപി നേതാവിനെതിരെ കേസ്. ബിജെപിയുടെ സമൂഹമാധ്യമ പ്രചാരണ ചുമതലയുള്ള പ്രവീൺരാജ് എന്നയാൾക്കെതിരെയാണ് ട്രിച്ചി സൈബർ ക്രൈം പൊലീസ് കേസെടുത്തത്. അഭിഭാഷകന്‍റെ പരാതിയിലാണ് നടപടി.
'സംഘി പ്രിൻസ്' എന്ന എക്സ് പ്രൊഫൈലിലൂടെയാണ് ഇയാളുടെ കുപ്രചരണം. ഡിസംബർ 13ന് നടന്ന പാർലമെന്‍റ് അതിക്രമത്തിൽ തമിഴ്നാട് ധർമപുരിയിൽ നിന്നുള്ള ഡിഎംകെ എം.പി ഡോ. സെന്തിൽ കുമാറിന് പങ്കുണ്ടെന്നായിരുന്നു പ്രവീൺ രാജിന്റെ വ്യാജ പ്രചരണം. അതിക്രമം നടത്തിയവർക്ക് പാർലമെന്‍റിനകത്ത് കയറാൻ പാസ് നൽകിയത് ഡോ. സെന്തിൽ കുമാറാണെന്നും സംഭവത്തിന്‍റെ ഉത്തരവാദിത്തം എം.പി ഏറ്റെടുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കർണാടകയിലെ മൈസൂരുവിൽ നിന്നുള്ള ബിജെപി എം.പി പ്രതാപ് സിംഹയാണ് അക്രമികൾക്ക് ലോക്സഭാ സന്ദർശക പാസ് നൽകിയതെന്ന് പിന്നീട് തെളിഞ്ഞതോടെ പ്രവീൺ രാജ് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ അതിനോടകം ഈ ട്വീറ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
തുടർന്ന്, വ്യാജ പ്രചരണത്തിനെതിരെ ആരോഗ്യദാസ് എന്ന അഭിഭാഷകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐപിസി 504, 505 (1) (ബി), ഐ.ടി നിയമത്തിലെ 66 എന്നീ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
അതേസമയം, ട്വീറ്റ് വിവാദമായതിന് പിന്നാലെ പ്രവീൺരാജ് ഒളിവിലാണെന്നും അന്വേഷണവും തെരച്ചിലും തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മുമ്പും വ്യാജപ്രചാരണങ്ങളിലൂടെ കുപ്രസിദ്ധനാണ് പ്രവീൺ രാജ്. ഒക്ടോബറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് ഇയാൾ അറസ്റ്റിലായിരുന്നു.
Adjust Story Font
16