അന്ന് തിയേറ്റർ കത്തിക്കുമെന്ന് ഭീഷണി, ഇന്ന് ആർആർആർ ടീമിന് അഭിനന്ദനം; ഇരട്ടത്താപ്പിൽ പരിഹാസ്യനായി ബി.ജെ.പി നേതാവ്
ആർആർആറിലെ 'നാട്ടു നാട്ടു' ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതോടെയാണ് ഇയാൾ അഭിനന്ദനം അറിയിച്ച് രംഗത്തുവന്നത്.
രാജമൗലി സംവിധാനം ചെയ്ത ആർആർആർ സിനിമയുടെ ടീസർ പുറത്തിറങ്ങിയ സമയം സംവിധായകനെ തല്ലുമെന്നും തിയേറ്റർ കത്തിക്കുമെന്നുമുള്ള ഭീഷണിയുമായി രംഗത്തെത്തിയ ബി.ജെ.പി നേതാവ് ഇപ്പോൾ സിനിമയ്ക്ക് അവാർഡ് കിട്ടിയതോടെ കാലുമാറി. തെലങ്കാന ബി.ജെ.പി അധ്യക്ഷനും എം.പിയുമായ ബന്ദി സഞ്ജയ് കുമാറാണ് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇയാളുടെ ഇരട്ടത്താപ്പ് നിലപാട് ചൂണ്ടിക്കാട്ടി വൻ പരിഹാസവും ട്രോളുമാണ് ഉയരുന്നത്.
ഭീം മുസ്ലിം തൊപ്പി അണിഞ്ഞെത്തുന്ന ജൂനിയർ എൻടിആറിന്റെ രംഗമാണ് നേരത്തെ ബന്ദിയെ ചൊടിപ്പിച്ചത്. 2020 നവംബറിലായിരുന്നു ഇത്. 'രാജമൗലി കോമരം ഭീമിനെ തൊപ്പി ധരിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ ഇത് അംഗീകരിക്കുമെന്ന് കരുതിയോ? ഒരിക്കലുമില്ല'- ബന്ദി സജ്ജയ് പറഞ്ഞു. കോമരം ഭീമിന്റെ കഥ വളച്ചൊടിച്ച് സിനിമ എടുത്താൽ ഞങ്ങൾ നിങ്ങളെ വടി കൊണ്ട് തല്ലും. സിനിമ റിലീസ് ചെയ്താൽ തിയേറ്ററുകൾ കത്തിക്കും'- എന്നായിരുന്നു ഇയാളുടെ ഭീഷണി.
എന്നാൽ, ഇന്നലെ ആർആർആറിലെ 'നാട്ടു നാട്ടു' ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതോടെയാണ് ഇയാൾ അഭിനന്ദനം അറിയിച്ച് രംഗത്തുവന്നത്. 'കീരവാണിക്കും ആർആർആർ സിനിമയുടെ മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻഗ്ലോബ്സ് അവാർഡ് ലഭിച്ചിരിക്കുന്നു. ഈ ചരിത്ര നേട്ടത്തിലൂടെ നിങ്ങൾ ഇന്ത്യയെ ലോക വേദിയിൽ അഭിമാനം കൊള്ളിച്ചു'- എന്നാണ് ബിന്ദി സഞ്ജയിയുടെ ട്വീറ്റ്.
ഇതോടെ, ഇയാളുടെ ഇരു നിലപാടുകളും ഓർമിപ്പിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ അടക്കമുള്ളവർ രംഗത്തെത്തി. ഗാനം ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയതിന് ശേഷം ആരാധകരും സെലിബ്രിറ്റികളും രാഷ്ട്രീയക്കാരുമടക്കം നിരവധി പേരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതിനിടെയാണ് ബി.ജെ.പി എം.പിയും അഭിനന്ദനവുമായി വന്നത്.
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. 450 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീം ആയി ജൂനിയർ എൻടിആറുമാണ് വേഷമിട്ടത്.
Adjust Story Font
16