Quantcast

രാഷ്ട്രീയത്തില്‍ നിന്നും ഇടവേളയെടുക്കും; കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകള്‍ തള്ളി പങ്കജ മുണ്ടെ

അടിസ്ഥാനരഹിതമായ ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-07-07 10:51:52.0

Published:

7 July 2023 10:25 AM GMT

Pankaja Munde
X

പങ്കജ മുണ്ടെ

മുംബൈ: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും ബി.ജെ.പി ദേശീയ സെക്രട്ടറിയുമായ പങ്കജ മുണ്ടെ. ബി.ജെ.പി വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും സത്താറയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അടിസ്ഥാനരഹിതമായ ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

''കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഞാൻ രണ്ട് തവണ രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും കണ്ടുവന്നും ബിജെപി വിട്ട് കോൺഗ്രസിൽ ചേരുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ട് തീർത്തും തെറ്റാണ്. ഒരു പാർട്ടിയുടെയും ഒരു നേതാവുമായും അവരുടെ പാർട്ടിയിലേക്കുള്ള എന്‍റെ പ്രവേശനം സംബന്ധിച്ച് ഞാൻ സംസാരിച്ചിട്ടില്ലെന്ന് ഞാൻ സത്യം ചെയ്യുന്നു.ഞാൻ ഉടൻ തന്നെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും'' പങ്കജ മുണ്ടെ പിടിഐയോട് പറഞ്ഞു. "ഞാൻ ദീൻദയാൽ ഉപാധ്യായയുടെയും അടൽ ബിഹാരി വാജ്‌പേയി ജിയുടെയും ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാഷ്ട്രീയത്തിൽ ചേർന്നത്. പല രാഷ്ട്രീയ പാർട്ടികളും എന്നെ അവരോടൊപ്പം ചേര്‍ക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. അതിനോടൊന്നും ഞാന്‍ പ്രതികരിച്ചിട്ടില്ല. എന്‍റെ ജീവിതത്തിലൊരിക്കലും ഞാൻ സോണിയ ഗാന്ധിയെയോ രാഹുൽ ഗാന്ധിയെയോ നേരിട്ട് കണ്ടിട്ടില്ല.ഞാൻ കോൺഗ്രസിൽ ചേരുമെന്ന ഈ ഊഹാപോഹങ്ങൾ തീർത്തും അടിസ്ഥാനരഹിതവും വസ്തുതാപരമായി തെറ്റുമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കോടതിയില്‍ മറുപടി പറയേണ്ടി വരും. കഴിഞ്ഞ 20 വർഷമായി ഞാൻ ബി.ജെ.പിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചു. ഞാൻ ഒരിക്കലും അവധിയെടുത്തിട്ടില്ല'' പങ്കജ വിശദമാക്കി.

"അടുത്ത ഒന്നോ രണ്ടോ മാസത്തേക്ക് ഞാൻ ഒരു ഇടവേള എടുക്കും. ഞാൻ എന്നിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും എന്റെ ജീവിതത്തെക്കുറിച്ച് ആത്മപരിശോധന നടത്തുകയും ചെയ്യും''. രാജ്യത്തെയും അതിന്റെ വ്യവസ്ഥിതിയെയും ബാധിക്കുന്ന നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനെക്കാൾ വിവാദങ്ങൾക്ക് മുൻഗണന നൽകുന്ന പ്രവണതയെ പങ്കജ മുണ്ടെ വിമർശിച്ചു. മഹാരാഷ്ട്രയിലെ മുന്‍ ഉപമുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയില്‍ വനിതാ ശിശുവികസന മന്ത്രിയായിരുന്നു.

TAGS :

Next Story