Quantcast

'രണ്ട് അണലികളുമായി സഖ്യത്തിലേർപ്പെട്ടത് മോദി ചെയ്ത ഏറ്റവും വലിയ തെറ്റ്'; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യൻ സ്വാമി

മാസങ്ങൾക്കുള്ളിൽ ബി.ജെ.പി താറുമാറാകും

MediaOne Logo

Web Desk

  • Published:

    10 Jun 2024 6:17 AM GMT

Subramanian Swamy
X

ഡല്‍ഹി: പ്രധാനമന്ത്രിയായി തുടര്‍ച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും ചേർന്ന് സർക്കാർ രൂപീകരിച്ചതിനാണ് സ്വാമിയുടെ വിമര്‍ശനം. 2014, 2019, 2024 വർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മൊത്തം എം.പിമാരുടെ എണ്ണം താരതമ്യം ചെയ്ത ട്വീറ്റിന് മറുപടിയായാണ് മുൻ കേന്ദ്രമന്ത്രിയായിരുന്ന സുബ്രഹ്മണ്യൻ സ്വാമി തിങ്കളാഴ്ച മോദിയെ കടന്നാക്രമിച്ചത്.

"മോദിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് (വിനാശകാലെ വിപരീത ബുദ്ധി) ഇന്ത്യൻ രാഷ്ട്രീയത്തിലെ രണ്ട് അണലികൾക്കൊപ്പം സഖ്യം ചേര്‍ന്നതാണ്. ഈ രണ്ടുപേരും ഹിന്ദുത്വ ഒട്ടകത്തിന്മേൽ ഇരിക്കുന്ന മതേതരത്വത്തിന് മുകളില്‍ ചുവടുവെക്കും. മാസങ്ങൾക്കുള്ളിൽ ബി.ജെ.പി താറുമാറാകും. ഒരു പുതിയ കാവി ബി.ജെ.പി ഉയർന്നുവരും'' സുബ്രഹ്മണ്യന്‍ സ്വാമി എക്സില്‍ കുറിച്ചു. മാധ്യമപ്രവർത്തകൻ അരവിന്ദ് ഗുണശേഖറിൻ്റെ ട്വീറ്റിന് മറുപടിയായാണ് സ്വാമിയുടെ വിമര്‍ശനം. മൂന്നു ടേമുകളിലായി മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായതായി ഗുണശേഖറിൻ്റെ വിശകലനം കാണിക്കുന്നു.

2014-ലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി മോദി, 23 കാബിനറ്റ് മന്ത്രിമാർ, 10 സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല), 12 സഹമന്ത്രിമാർ എന്നിവരും ഉൾപ്പെടുന്നു. 2019ൽ 24 കാബിനറ്റ് മന്ത്രിമാർ, 9 സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല), 24 സഹമന്ത്രിമാർ എന്നിങ്ങനെയായി വര്‍ധിച്ചു. ഈ വർഷം 30 കാബിനറ്റ് മന്ത്രിമാർ, 5 സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല), 36 സഹമന്ത്രിമാർ ഉള്‍പ്പെടുന്ന അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്.

അതേസമയം മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കും. നൂറ് ദിവസത്തെ അജണ്ട തയാറാക്കുന്നതിന് ഇന്നത്തെ യോഗം മുൻകൈ എടുക്കുക. സഖ്യ കക്ഷികൾക്ക് 11 മന്ത്രി സ്ഥാനങ്ങളാണ് ഇതുവരെ നൽകിയിരിക്കുന്നത് . അഭ്യന്തരം , ധനകാര്യം ,പ്രതിരോധം ,വിദേശകാര്യം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ബി.ജെ.പി മന്ത്രിമാർ തന്നെയാകും കൈകാര്യം ചെയ്യുക. ആന്ധ്രക്കും ബിഹാറിനും പ്രത്യേക സാമ്പത്തിക സഹായം നൽകുക വഴി ഘടക കക്ഷികൾക്ക് മന്ത്രിസ്ഥാനം കുറയ്ക്കുകയാണ് ബി.ജെ.പി ചെയ്തത്. 4 എം.പിമാർക്ക് ഒരു ക്യാബിനറ്റ് സ്ഥാനം എന്ന രീതിയിലായിരുന്നു സുപ്രധാന വകുപ്പുകളുടെ വിഭജനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാനയ്ക്കും മഹാരാഷ്ട്രയ്ക്കും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട് . അഞ്ച് പേരെ മാത്രം ലോക്സഭയിലേക്ക് വിജയിപ്പിച്ച ഹരിയാനയിൽ നിന്നും മൂന്ന് മന്ത്രിമാരുണ്ട് . നാല് മാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ കേന്ദ്രമന്ത്രിസഭാ രൂപീകരണം അസ്വസ്ഥതക്കാണ് വഴി തെളിച്ചത് .

അജിത് പവാർപക്ഷ എന്‍.സി.പിയിലെ പ്രഫുൽ പട്ടേലിന് മൂന്നാം മോദി സർക്കാർ വച്ച് നീട്ടിയത് സഹമന്ത്രി സ്ഥാനം മാത്രം . ഈ പദവി ഏറ്റെടുക്കാൻ അവർ തയാറായില്ല. യുപിഎ സർക്കാരിന്റെ കാലത്ത് വ്യോമയാന മന്ത്രി ആയിരുന്ന പ്രഫുൽ പട്ടേലിനെ അപമാനിക്കുന്നതിനു തുല്യമാണ് ഈ വകുപ്പ് നൽകൽ എന്ന് എൻ.സി.പി വിശ്വസിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ സാക്ഷ്യം വഹിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്യാൻ എൻസിപി തയ്യാറായില്ല . ക്യാബിനറ്റ് റാങ്കിനായി കാത്തിരിക്കുമെന്നാണ് അജിത് പവാർ പറയുന്നത്. ഈ കാത്തിരിപ്പ് തെരഞ്ഞെടുപ്പ് അടുക്കുംതോറും പൊട്ടിത്തെറിയിലേക്ക് വഴി തെളിയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

TAGS :

Next Story