ആന്ധ്രയിലെ അണക്കെട്ട് കാണിച്ച് യു.പിയിലെ വികസനമെന്ന് പ്രചാരണം; പോസ്റ്റ് മുക്കി ബിജെപി നേതാക്കൾ
ആന്ധ്രപ്രദേശിൽ കൃഷ്ണനദിയിലുള്ള ശ്രീസൈലം അണക്കെട്ടാണ് യോഗിയുടെ വികസനമെന്നു പറഞ്ഞ് ബിജെപി നേതാക്കളും സംഘ്പരിവാർ അനുകൂലികളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്
ആന്ധ്രാപ്രദേശിലെ അണക്കെട്ടിന്‍റെ ചിത്രം കാണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസനപ്രവർത്തനങ്ങളെന്ന പ്രചാരണവുമായി ബിജെപി നേതാക്കൾ. യുപിയിലെ ബുന്ദേൽഖണ്ഡിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ജലസേന പദ്ധതിയെന്നു പറഞ്ഞാണ് അണക്കെട്ടിന്റെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത്.
എന്നാൽ, ആന്ധ്രയിൽ കൃഷ്ണനദിയിലുള്ള ശ്രീസൈലം അണക്കെട്ടാണ് ഉത്തർപ്രദേശിലേതെന്ന് പറഞ്ഞ് ബിജെപി നേതാക്കളും സംഘ്പരിവാർ അനുകൂലികളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ബിജെപി മുൻ എംപി ഹരി ഓം പാണ്ഡെ അടക്കമുള്ള പ്രമുഖ നേതാക്കളാണ് ചിത്രം തെറ്റായി ട്വീറ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ബിജെപി എംഎൽഎമാരായ ഡോ. അവദേശ് സിങ്, ബാംബ ലാൽ ദിവാകർ എന്നിവരും ബിഹാറിലെ ബിജെപി എംഎൽഎ അനിൽകുമാറും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പ്രമുഖരിൽ ഉൾപ്പെടും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സന്ദർശനത്തിലൂടെ ആരംഭിച്ച വികസന പ്രവൃത്തികളിലൂടെ ഒടുവിൽ വരൾച്ചബാധിത പ്രദേശമായ ബുന്ദേൽഖണ്ഡിൽ ജലസേചനത്തിനുള്ള അവസരമൊരുങ്ങുന്നുവെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെട്ടത്. രാഷ്ട്രീയ നേതാക്കന്മാർ വ്യക്തിനേട്ടങ്ങൾക്കായി സ്ഥിരം ഉപയോഗിച്ചുവരുന്ന ബുന്ദേൽഖണ്ഡ് ഇപ്പോൾ മാറ്റത്തിന്റെ സമുദ്രത്തിനാണ് സാക്ഷിയാകുന്നതെന്ന് അവദേശ് സിങ് ആന്ധ്രയിലെ അണക്കെട്ടിന്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റിൽ കുറിച്ചു.
എന്നാൽ, അണക്കെട്ട് ആന്ധ്രയിലേതാണെന്നു വ്യക്തമായതോടെ പലരും ചിത്രം പിൻവലിച്ച് ട്വീറ്റ് മുക്കിയിട്ടുണ്ട്.
Summary: BJP leaders shared image of Andra Pradesh Dam in socail media, praising Uttar Pradesh's Yogi Adityanath-led government's development project in Bundelkhand
Adjust Story Font
16