'കോൺഗ്രസിന് വോട്ട് ചെയ്താൽ അത് പോവുക പാകിസ്താന്'; വിവാദ പരാമർശത്തിൽ ബിജെപി എം.പിക്കെതിരെ കേസ്
കോൺഗ്രസിന് വോട്ട് ചെയ്താൽ അത് പോവുക പാകിസ്താന്; വിദ്വേഷ പരാമർശത്തിൽ ബിജെപി എം.പിക്കെതിരെ കേസ്
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശങ്ങളുമായി ബിജെപി എം.പി. മഹാരാഷ്ട്ര അമരാവതി എം.പിയും നടിയുമായ നവ്നീത് സിങ് റാണയാണ് കോൺഗ്രസിന് വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയത്. കോൺഗ്രസിന് വോട്ട് ചെയ്താൽ ആ വോട്ടുകൾ നേരിട്ട് പാകിസ്താനിലേക്ക് പോവുമെന്നാണ് കൗറിന്റെ വാദം.
'പാകിസ്താന് എഐഎംഐഎമ്മിനോടും രാഹുലിനോടും സ്നേഹമാണ്. പാകിസ്താനിൽ നിന്നുള്ള സിഗ്നലുകൾ അനുസരിച്ച് രാജ്യം ഭരിച്ച കോൺഗ്രസിനെ പോലെ. അതേ പാകിസ്താൻ ഇന്ന് കോൺഗ്രസിനെയും എഐഎംഐഎമ്മിനെയും സ്നേഹിക്കുന്നു'. ഹൈദരാബാദ് പാകിസ്താനായി മാറുന്നത് ബിജെപി സ്ഥാനാർഥി മാധവി ലത തടയുമെന്നും അവർ അവകാശപ്പെട്ടു.
തെലങ്കാനയിലെ ഷാദ്നഗറിൽ ബിജെപി ഹൈദരാബാദ് സ്ഥാനാർഥി മാധവി ലതയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു നവ്നീത് കൗറിന്റെ വിവാദ പരാമർശം. സംഭവത്തിൽ നവ്നീത് കൗറിനെതിരെ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവുകൾ മാനിക്കാതെ വോട്ടർമാരെ അനാവശ്യമായി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
ഉവൈസി സഹോദരന്മാർക്കെതിരെ പ്രകോപന പരാമർശങ്ങൾ നടത്തിയ അതേ പ്രസംഗത്തിലായിരുന്നു കൗറിന്റെ പാകിസ്താൻ വോട്ട് പ്രസ്താവനയും. പൊലീസിനെ 15 സെക്കൻഡ് ഡ്യൂട്ടിയിൽ നിന്ന് മാറ്റിയാൽ, ഉവൈസി സഹോദരന്മാർ എവിടെ നിന്നാണ് വന്നതെന്നും എവിടേക്ക് പോയി എന്നും അറിയാത്ത അവസ്ഥയുണ്ടാക്കും എന്നായിരുന്നു കൗറിന്റെ പരാമർശം.
'നിങ്ങൾ പൊലീസിനെ 15 സെക്കൻഡ് നീക്കിയാൽ, അവർ എവിടെ നിന്നാണ് വന്നതെന്നും എവിടേക്കാണ് പോയതെന്നും നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല. ഞങ്ങൾക്ക് 15 സെക്കൻഡ് മതി'- എന്നാണ് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്കും അക്ബറുദ്ദീൻ ഉവൈസിക്കുമെതിരായ തുറന്ന ഭീഷണി.
പരാമർശത്തിൽ കൗറിന് മറുപടിയുമായി ഉവൈസി രംഗത്തെത്തിയിരുന്നു. തങ്ങൾ തയാറാണെന്നും ആരെങ്കിലും തുറന്ന വെല്ലുവിളി നടത്തുകയാണെങ്കിൽ അങ്ങനെയാവട്ടെ എന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ മോദിജിയോട് പറയുന്നു. കൗറിനൊരു 15 സെക്കൻഡ് കൊടുക്കൂ. അല്ലെങ്കിൽ ഒരു മണിക്കൂർ കൊടുക്കൂ. നിങ്ങളിൽ മനുഷ്യത്വം അവശേഷിക്കുന്നുണ്ടോ എന്ന് ഞങ്ങളും കാണാൻ ആഗ്രഹിക്കുന്നു. ആരെയാണ് പേടിക്കുന്നത്? ഞങ്ങൾ തയാറാണ്. ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കിൽ അങ്ങനെയാവട്ടെ. പ്രധാനമന്ത്രി നിങ്ങളുടേതാണ്, ആർഎസ്എസ് നിങ്ങളുടേതാണ്, ആരും നിങ്ങളെ തടയില്ല. എവിടെ വരണമെന്ന് പറയൂ, ഞങ്ങൾ അവിടെ വരാം'- ഉവൈസി വിശദമാക്കി.
ഇത്തവണ അമരാവതി മണ്ഡലത്തിൽ നിന്ന് താൻ ദയനീയമായി തോൽക്കുമെന്ന് മനസിലാക്കിയാണ് റാണ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് എഐഎംഐഎം നേതാവ് വാരിസ് പത്താൻ പ്രതികരിച്ചിരുന്നു. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷനോ പൊലീസോ ഇവർക്കെതിരെ നടപടിയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ, രാജ്യത്ത് മോദി തരംഗമില്ലെന്ന് നവനീത് റാണയുടെ പ്രസ്താവന ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. മാധ്യമ പ്രവർത്തകരെയൊന്നും പ്രവേശിപ്പിക്കാതെ നടത്തിയ യോഗത്തിലായിരുന്നു ചലച്ചിത്രതാരം കൂടിയായ കൗറിന്റെ പ്രസ്താവന. ഇതിന്റെ വീഡിയോ വൈറലായതോടെ ബിജെപി പ്രതിരോധത്തിലാവുകയും പ്രതിപക്ഷ കക്ഷികൾ ഈ പ്രസ്താവന ആയുധമാക്കുകയും ചെയ്തു.
Adjust Story Font
16