Quantcast

നാലു മക്കളുടെ പിതാവ്; ജനസംഖ്യാ നിയന്ത്രണ ബിൽ അവതരിപ്പിക്കാനൊരുങ്ങി ബി.ജെ.പി എം.പി

യു.പിയിലെ ഗൊരക്പൂരിൽനിന്നുള്ള എം.പിയും നടനുമായ രവി കിഷൻ ആണ് പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    22 July 2022 2:31 PM GMT

നാലു മക്കളുടെ പിതാവ്; ജനസംഖ്യാ നിയന്ത്രണ ബിൽ അവതരിപ്പിക്കാനൊരുങ്ങി ബി.ജെ.പി എം.പി
X

ന്യൂഡൽഹി: ജനസംഖ്യാ നിയന്ത്രണം ആവശ്യപ്പെട്ട് പാർലമെന്റിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ബി.ജെ.പി എം.പിയും നടനുമായ രവി കിഷൻ. മൂന്ന് പെൺകുട്ടികളടക്കം നാലുപേരുടെ പിതാവ് കൂടിയായ രവി ഉത്തർപ്രദേശിലെ ഗൊരക്പൂരിൽനിന്നുള്ള എം.പിയാണ്.

ജനസംഖ്യാ നിയന്ത്രണം കൊണ്ടുവന്നാലേ ഇന്ത്യയ്ക്ക് ലോകശക്തിയാകാനാകൂവെന്ന് രവി കിഷൻ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ''രാജ്യത്തെ ജനസംഖ്യയെ അടിയന്തരമായി നിയന്ത്രിക്കേണ്ട ഘട്ടത്തിലെത്തിയിട്ടുണ്ട്. ജനസംഖ്യ കുതിച്ചുയർന്ന് ഒരു സ്‌ഫോടനത്തിലേക്കാണ് കുതിക്കുന്നത്.''-അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽ അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന്റെ പിന്തുണ തേടുകയും ചെയ്തിട്ടുണ്ട് രവി കിഷൻ.

അതേസമയം, ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഒരു നിയമനിർമാണവും ആലോചിക്കുന്നില്ലെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ചൊവ്വാഴ്ച രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. 2000ത്തിലെ ദേശീയ ജനസംഖ്യാ നയത്തിന്റെയും 2017ലെ ദേശീയ ആരോഗ്യനയത്തിന്റെയും ചുവടുപിടിച്ച് 2045ഓടെ രാജ്യത്തെ ജനസംഖ്യ നിയന്ത്രണവിധേയമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജനസംഖ്യാ നിയന്ത്രണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് അടക്കം നിരവധി ബി.ജെ.പി നേതാക്കൾ മുൻപും രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ബിൽ അവതരിപ്പിക്കാനായി ബി.ജെ.പി രാജ്യസഭാ അംഗം രാകേഷ് സിൻഹ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

Summary: BJP MP Ravi Kishan, father of four, to introduce private member's bill on population control

TAGS :

Next Story