Quantcast

നഡ്ഡയുടെ പകരക്കാരനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച് ബി.ജെ.പി നേതൃത്വം; ആഗസ്റ്റ് അവസാനത്തോടെ പുതിയ വര്‍ക്കിങ് പ്രസിഡന്‍റ്

ബുധനാഴ്ച പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു

MediaOne Logo

Web Desk

  • Published:

    26 July 2024 9:46 AM GMT

BJP likely to get new working president before August-end, Narendra modi, amit shah, jp nadda
X

ന്യൂഡല്‍ഹി: ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ പകരക്കാരനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച് ബി.ജെ.പി. ഏതാനും ആഴ്ചകള്‍ക്കകം ബി.ജെ.പിയെ നയിക്കാന്‍ പുതിയ വര്‍ക്കിങ് പ്രസിഡന്റ് എത്തുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി അധ്യക്ഷന്‍റെ ഉത്തരവാദിത്തങ്ങള്‍ താല്‍ക്കാലികമായി നിര്‍വഹിക്കാനെത്തുന്നയാളെ ആഗസ്റ്റ് അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്രതീക്ഷിത മുഖമാകാനിടയുണ്ടെന്നും ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

ജെ.പി നഡ്ഡയുടെ കാലാവധി കഴിഞ്ഞ ജൂണില്‍ അവസാനിച്ചിരുന്നു. മൂന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ വകുപ്പ് കൂടി നല്‍കിയതോടെ നഡ്ഡ സ്ഥാനത്തുനിന്നു മാറുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍, പുതിയ പ്രസിഡന്റിനെ നിയമിക്കുംവരെ അദ്ദേഹത്തിനു പ്രസിഡന്റ് പദവിയില്‍ തുടരാമെന്ന് കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ നിര്‍വാഹക സമിതിയില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. ആരോഗ്യം സുപ്രധാന വകുപ്പ് കൂടിയായതിനാലാണ് നഡ്ഡയ്ക്ക് സഹായിയായി വര്‍ക്കിങ് പ്രസിഡന്‍റിനെ വയ്ക്കാന്‍ ഇപ്പോള്‍ നീക്കം നടക്കുന്നത്.

2025 ജനുവരിക്കു മുന്‍പായി പുതിയ ബി.ജെ.പി അധ്യക്ഷനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത കുറവാണ്. ഇതിനാലാണ് വര്‍ക്കിങ് പ്രസിഡന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച പാര്‍ലമെന്റ് മന്ദിരത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അമിത് ഷാ, ജെ.പി നഡ്ഡ, സംഘടനാ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി.എസ് സന്തോഷ് എന്നിവരാണു പങ്കെടുത്തത്. രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തിനുശേഷം മോദിയും അമിത് ഷായും ഒറ്റയ്ക്കും ചര്‍ച്ച നടത്തിയിരുന്നു. വര്‍ക്കിങ് പ്രസിഡന്റ് ആയിരുന്നു ഈ യോഗങ്ങളിലെല്ലാം പ്രധാന ചര്‍ച്ചയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തിയതെന്ന് 'ന്യൂസ് 18' റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ മുതല്‍ മുഴുവന്‍ സംസ്ഥാന ഘടകം ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി പ്രകടനം തന്നെയാണു ദ്വിദിന യോഗത്തിന്റെ ഉള്ളടക്കം. ഇതോടൊപ്പം വര്‍ക്കിങ് പ്രസിഡന്റിന്റെ കാര്യവും ചര്‍ച്ചയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Summary: BJP likely to get new working president before August-end

TAGS :

Next Story