വയനാട് അടക്കം 60 മണ്ഡലങ്ങൾ ലക്ഷ്യം; ന്യൂനപക്ഷ സമുദായങ്ങളെ ഉന്നമിട്ട് പ്രത്യേക ക്യാമ്പയിനുമായി ബി.ജെ.പി
കേരളത്തിൽ വയനാട്, മലപ്പുറം , പൊന്നാനി, കോഴിക്കോട് ), വടകര, കാസർകോട് മണ്ഡലങ്ങളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
ഡൽഹി: ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രത്യേക ക്യാമ്പയിനുമായി ബി.ജെ.പി. ന്യൂനപക്ഷ ജനസംഖ്യ 30 ശതമാനത്തിൽ കൂടുതലുള്ള 60 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലവും ഇതിൽ ഉൾപ്പെടുന്നുണ്ട്. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമായി നാല് മാസം നീളുന്ന ജനസമ്പർക്ക പരിപാടിയാണ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പരിപാടി.
ഓരോ മണ്ഡലത്തിൽനിന്നും നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന 5,000 ആളുകളെ കണ്ടെത്തി പാർട്ടിയുടെ അംബാസഡർമാരായി നിയോഗിക്കും. ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്‌കൂട്ടർ യാത്രയും സ്‌നേഹയാത്രയും സംഘടിപ്പിക്കും. മേയിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന റാലിയിൽ 60 മണ്ഡലങ്ങളിൽനിന്നുള്ള അംബാസഡർമാരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയെ അഭിസംബോധന ചെയ്യും.
ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദീഖി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനം എത്താതെ ഇന്ത്യ വികസിക്കില്ല. അതുകൊണ്ട് തന്നെ എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലണമെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചതെന്നും ജമാൽ സിദ്ദീഖി പറഞ്ഞു.
60 ലോക്‌സഭാ മണ്ഡലങ്ങളിൽ 13 വീതം യു.പിയിലും പശ്ചിമ ബംഗാളിലുമാണ് അഞ്ചെണ്ണം ജമ്മു കശ്മീരിലും നാലെണ്ണം ബിഹാറിലുമാണ്. ആറ് വീതം കേരളത്തിലും അസമിലുമാണ്. മൂന്നെണ്ണം മധ്യപ്രദേശിലാണ്. രണ്ടെണ്ണം വീതം തെലങ്കാനയിലും ഹരിയാനയിലുമാണ്. മഹാരാഷ്ട്രയിലെ ഒരു മണ്ഡലവും ലക്ഷദ്വീപിലെ ഏക മണ്ഡലവും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്.
പശ്ചിമ ബംഗാളിൽ ബെഹ്‌റാംപൂർ (64% ആണ് ന്യൂനപക്ഷ ജനസംഖ്യ), ജാംഗിപൂർ (60%), മുർശിദാബാദ് (59%), ജയ്‌നഗർ (30%) തുടങ്ങിയ മണ്ഡലങ്ങളാണ് പട്ടികയിലുള്ളത്. ബിഹാറിൽ കിഷൻഗഞ്ച് (67%), കതിഹാർ (38%), അരാരിയ (32%), പൂർണിയ (30%) തുടങ്ങിയ മണ്ഡലങ്ങളാണുള്ളത്.
കേരളത്തിൽ വയനാട് (57% ആണ് ന്യൂനപക്ഷ ജനസംഖ്യ), മലപ്പുറം (69%), പൊന്നാനി (64%), കോഴിക്കോട് (37%), വടകര (35%), കാസർകോട് (33%) മണ്ഡലങ്ങളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഹരിയാനയിൽ ഗുരുഗ്രാം (38%), ഫരീദാബാദ് (30%), എന്നീ മണ്ഡലങ്ങളും തെലങ്കാനയിൽ ഹൈദരാബാദ് (41.17%), സെക്കന്ദരാബാദ് (41.17%) എന്നീ മണ്ഡലങ്ങളുമാണ് പട്ടികയിലുള്ളത്.
Also Read:'ഒരു വോട്ടിന് 6000 രൂപ'; കർണാടകയിൽ പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ്
Also Read:'നേതാജി ഇടതുപക്ഷക്കാരൻ; ബി.ജെ.പിയും ആർ.എസ്.എസും അദ്ദേഹത്തിന്റെ നിലപാട് പ്രതിഫലിപ്പിക്കുന്നില്ല': ജന്മദിന വാർഷികാഘോഷ നീക്കത്തിനെതിരെ മകൾ
Also Read:'വേഗം ബി.ജെ.പിയിൽ ചേർന്നോ, ഇല്ലെങ്കിൽ വീട്ടിലേക്ക് ബുൾഡോസർ എത്തും'; കോൺഗ്രസ് എം.എൽ.എമാർക്ക് മധ്യപ്രദേശ് മന്ത്രിയുടെ ഭീഷണി
Adjust Story Font
16