Quantcast

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള നീക്കവുമായി ബി.ജെ.പി

ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    26 April 2022 1:32 AM GMT

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള നീക്കവുമായി ബി.ജെ.പി
X

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള നീക്കവുമായി ബിജെപി. ഇതിന്റെ ഭാഗമായി വിഷയം സജീവ ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ട്. ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഏക സിവില്‍കോഡിന്റെ കരട് തയ്യാറാക്കാന്‍ സംസ്ഥാനത്ത് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ഒരു കാരണവശാലും സംസ്ഥാനത്തെ സാമുദായിക സൗഹൃദം തകര്‍ക്കാന്‍ അനുവദിക്കില്ല. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് നിലവില്‍വന്നാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഏക സിവില്‍ കോഡ് നടപ്പാക്കല്‍. ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും പറഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും തിങ്കളാഴ്ച പ്രസ്താവനയിറക്കി. ഏക സിവില്‍കോഡ് ഒരു മികച്ച നീക്കമാണെന്ന് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ പറഞ്ഞു. അസം മുഖ്യമന്ത്രിയും സമാനമായ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് കത്തയച്ചു. ബിജെപി പ്രകടന പത്രികയുടെ പ്രധാനഭാഗമാണ് ഏക സിവില്‍ കോഡ് നടപ്പാക്കല്‍. ഇത് ഉടന്‍ തന്നെ നടപ്പിലാകുമെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സൂചന നല്‍കിയിരുന്നു.

TAGS :

Next Story