ബി.ജെ.പി 'വിദ്യാഭ്യാസ മാഫിയ' യെ പ്രോത്സാഹിപ്പിക്കുന്നു: പരീക്ഷാ ക്രമക്കേടിൽ രൂക്ഷവിമർശനവുമായി മല്ലികാർജുൻ ഖാർഗെ
എല്ലാ പേപ്പർ ചോർച്ച അഴിമതികളും സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായി അന്വേഷിക്കണമെന്നും ഖാർഗെ
ഡൽഹി: പരീക്ഷാ വിവാദങ്ങൾ കൊഴുക്കുന്നതിനിടെ ബി.ജെ.പി സർക്കാറിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തെ പ്രവേശന പരീക്ഷകളുടെ നിയന്ത്രണമേറ്റെടുക്കുന്നതു വഴി ബി.ജെ.പി ' വിദ്യാഭ്യാസ മാഫിയ' യെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു.
' ചോദ്യപേപ്പറുകൾ ചോർന്നിട്ടില്ലെന്ന് സർക്കാർ സുപ്രിംകോടതിയോട് പറയുന്നു. ഏതാനും ചില സ്ഥലങ്ങളിൽ മാത്രമാണ് ക്രമക്കേട് നടന്നതെന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രാലയം സ്വയം ന്യായീകരിക്കുന്നു. ഇത് ഈ നാട്ടിലെ യുവജനങ്ങളെ വഞ്ചിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന നടപടിയാണ്. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മാഫിയകളെ പ്രോത്സാഹിപ്പിക്കുകയാണ്'. ഖാർഗെ എക്‌സിൽ കുറിച്ചു.
വിവാദമായ നീറ്റ്-യുജി 2024 റദ്ദാക്കി പരീക്ഷ വീണ്ടും സുതാര്യമായി നടത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ അഭിപ്രായപ്പെട്ടു. എല്ലാ പേപ്പർ ചോർച്ച അഴിമതികളും സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും പരീക്ഷാ ക്രമക്കേടും എൻ.സി.ആർ.ടി പാഠപുസ്തക പരിഷ്‌കരണവും അതിന് ഉദാഹരണമാണെന്നും ഖാർഗെ ആരോപിച്ചു.
അതിനിടെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. പരീക്ഷാ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുമെന്നും ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണം നടത്തുകയാണെന്നും കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ കേന്ദ്രം അറിയിച്ചു.
വലിയ തോതിലുള്ള ക്രമക്കേടുകൾക്ക് തെളിവില്ല എന്നും കേന്ദ്രം കോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി ഹരജികളായിരുന്നു സുപ്രിംകോടതിയിൽ എത്തിയത്. ഇതിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി കേന്ദ്രത്തിനും എൻ.ടി.എയ്ക്കും നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനാണ് കേന്ദ്രം ഇപ്പോൾ മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്.
പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമായ തീരുമാനമല്ല. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തുകയാണ്. വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി തെളിവുകൾ ലഭിച്ചിട്ടില്ല. ചെറിയ ക്രമക്കേടുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും അതിനാൽ പരീക്ഷ റദ്ദാക്കരുതെന്നും മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
Adjust Story Font
16