വാജ്‌പേയിയുടെ വരികൾ കുറിച്ച് ഛത്തീസ്ഗഢ് ബിജെപി; സഖ്യസർക്കാരിന് ഒരുക്കം തുടങ്ങിയോ എന്ന് ചോദ്യം
'ജയമാകട്ടെ തോൽവിയാകട്ടെ എനിക്ക് ഭയമില്ല, ഞാൻ പിന്മാറില്ല' എന്ന വരികളാണ് ചർച്ചകൾ കൊഴുപ്പിച്ചത്
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ, ബിജെപിയുടെ പ്രതീക്ഷകൾ ചെറിയ രീതിയിലെങ്കിലും കെട്ടടങ്ങിയ മട്ടാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടാക്കാം എന്ന വ്യാമോഹം എന്തായാലും നടക്കില്ല എന്ന് മനസ്സിലായതോടെ കേന്ദ്രം സഖ്യസർക്കാർ രൂപീകരിക്കാനുള്ള ഒരുക്കം തുടങ്ങിയോ എന്നതാണ് രാഷ്ട്രീയരംഗത്തെ പുതിയ ചർച്ച.
ഈ ചർച്ചകൾക്കെല്ലാം തുടക്കം കുറിച്ചത് ഇന്നലെ ഛത്തീസ്ഗഢ് ബിജെപി എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ പ്രശസ്തമായ വരികളായിരുന്നു ഇത്. 'ജയമാകട്ടെ തോൽവിയാകട്ടെ എനിക്ക് ഭയമില്ല, ഞാൻ പിന്മാറില്ല' എന്ന വരികളാണ് ഇന്നലെ മുതൽ ചർച്ചകൾ കൊഴുപ്പിച്ചത്. ദേശീയതലത്തിൽ ബിജെപിയുടെ വോട്ടിൽ പ്രതിഫലിച്ച ഏറ്റക്കുറച്ചിലുകൾ കൂട്ടിവായിച്ച് സഖ്യസർക്കാർ ഉറപ്പിക്കുകയും ചെയ്തു രാഷ്ട്രീയനിരീക്ഷകർ.
എന്നാൽ ഈ ചർച്ചകളൊക്കെയും നടക്കുമ്പോൾ തന്നെ ഛത്തീസ്ഗഢിലെ 11 ലോക്‌സഭാ സീറ്റുകളിൽ 10ഉം ബിജെപി തൂത്തുവാരി എന്നതാണ് വസ്തുത. സർഗൂജയിലെ ബിജെപി സ്ഥാനാർഥി ചിന്താമണി മഹാരാജിൽ നിന്നായിരുന്നു ആദ്യത്തെ ജയം. ഔദ്യോഗിക പ്രഖ്യാപനം ബാക്കിയാണെങ്കിലും 64000 വോട്ടുകളാണ് ചിന്താമണിയുടെ ഭൂരിപക്ഷം. കൃത്യവും വ്യക്തമവുമായ ഭൂരിപക്ഷത്തോടെയാണ് റായ്പൂരിലും ദുർഗിലും രജ്‌നന്ദ്ഗാവോണിലും ബസ്താറിലും റായ്ഗഢിലും ബിജെപി സ്ഥാനാർഥികൾ വിജയക്കൊടി പാറിക്കുന്നത്.
മൂന്ന് സിറ്റിംഗ് എംപിമാർ, ഒരു മുൻ എംപി, ഒരു ക്യാബിനറ്റ് മന്ത്രി, മുൻ മുഖ്യമന്ത്രി എന്നിവരുൾപ്പടെ 220 സ്ഥാനാർഥികളായിരുന്നു ഇത്തവണ ഛത്തീസ്ഗഢിൽ മത്സരത്തിന്. 94 കൗണ്ടിംഗ് സെന്ററുകളിലായി 6,562 ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തെരഞ്ഞെടുപ്പ് കമ്മിഷൻ വിന്യസിച്ചിരുന്നു. തങ്ങളിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്കും, പാർട്ടിക്കായി അഹോരാത്രം പ്രയത്‌നിച്ചതിന് പ്രവർത്തകർക്കും നന്ദി എന്നാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ഡിയോ തെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ചത്
Adjust Story Font
16