ചെങ്കോട്ടയുടെ ചിത്രമുള്ള ഇഫ്താർ വേദിയിലെത്തി; നിതീഷ് കുമാറിനെതിരെ ബി.ജെ.പിയുടെ പരിഹാസം
രാമനവമിക്ക് ശേഷം പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപമാണ് ചെങ്കോട്ട ചിത്രങ്ങളുടെ പേരിൽ നിതീഷ് കുമാർ പരിഹസിക്കപ്പെടുന്നതിന്റെ പ്രധാന കാരണം
പട്‌ന: ചെങ്കോട്ടയുടെ ചിത്രമുള്ള ഇഫ്താർ ചടങ്ങിൽ പങ്കെടുത്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ബി.ജെ.പിയുടെ പരിഹാസം. പാർട്ടി എം.എൽ.എയായ ഖാലിദ് അൻവർ സംഘടിപ്പിച്ച ഇഫ്താറിൽ ചൊവ്വാഴ്ചയാണ് ജനതാദൾ യുണൈറ്റഡ് നേതാവ് പങ്കെടുത്തത്. ചടങ്ങിന്റെ വേദിയുടെ പശ്ചാത്തല ചിത്രം ചെങ്കോട്ടയായിരുന്നു. ഇത് അദ്ദേഹത്തിന്റെ പ്രധാനമന്ത്രി മോഹത്തിന്റെ സൂചനയാണെന്നാണ് ബിജെപി വിമർശനം. എന്നാൽ തനിക്ക് അത്തരം മോഹങ്ങളില്ലെന്ന് നിതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നിതീഷ് കുമാറിന് ഒരിക്കലും പ്രധാനമന്ത്രി പദം നേടാനാകില്ലെന്നാണ് ബിഹാർ ബിജെപി നേതാക്കൾ കളിയാക്കുന്നത്. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മക്കായി നിതീഷ് നിലകൊള്ളുന്നതാണ് ബിജെപിയെ വിറളിപിടിപ്പിക്കുന്നതെന്നാണ് ജെ.ഡി(യു), കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾ പറയുന്നത്.
'ചെങ്കോട്ടയുടെ പോസ്റ്ററിന് മുമ്പിൽ നിന്ന് ഫോട്ടോയെടുത്താൽ ആർക്കും പ്രധാനമന്ത്രിയാകാൻ കഴിയില്ല. അങ്ങനെ കരുതുന്നുവെങ്കിൽ വൈറ്റ് ഹൗസിന്റെ മുമ്പിൽ പോയി ഫോട്ടോയെടുക്കട്ടെ' ബിഹാർ ബിജെപി നേതാവ് സുശീൽ കുമാർ മോദി പരിഹസിച്ചു. ചെങ്കോട്ട നോക്കിയെങ്കിലും പ്രധാനമന്ത്രിയാകുന്നതിൽ മുഖ്യമന്ത്രി (നിതീഷ്) സന്തോഷവാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് സാമ്രാട്ട് ചൗധരി കളിയാക്കി.
എന്നാൽ കേന്ദ്ര മന്ത്രാലയത്തെയും സംസ്ഥാന ഭരണകൂടത്തെയും നയിച്ച നിതീഷ് പ്രധാനമന്ത്രിയാകാൻ യോഗ്യനാണെന്നും അദ്ദേഹത്തിന് രാജ്യത്തെ നയിക്കാനുള്ള വീക്ഷണമുണ്ടെന്നും ആർ.ജെ.ഡി വക്താവായ മൃത്യുഞ്ജയ തിവാരി പറഞ്ഞു.
മാർച്ച് 30ന് രാമനവമിക്ക് ശേഷം റോഹ്താസ് ജില്ലയിലെ സസാരത്തിലും നിതീഷിന്റെ സ്വന്തം ജില്ലയായ നളന്ദയിലെ ബീഹാർ ഷെരീഫിലും പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപമാണ് ചെങ്കോട്ട ചിത്രങ്ങളുടെ പേരിൽ നിതീഷ് കുമാർ പരിഹസിക്കപ്പെടുന്നതിന്റെ പ്രധാന കാരണം. സാമുദായിക സംഘർഷവും കർഫ്യൂ സാഹചര്യവും നിലനിൽക്കുന്നതിനാൽ, ഏപ്രിൽ മൂന്നിന് നിതീഷ് ഇഫ്താറിൽ പങ്കെടുത്തത് ഒരു സമുദായത്തെ പ്രീണിപ്പിക്കുന്നതിന്റെ അടയാളമാണെന്നാണ് ബിജെപി നേതാക്കൾ വിമർശിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ആക്രമണം തടയുന്നതിൽ ബിഹാർ സർക്കാർ സമ്പൂർണ പരാജയമാണെന്നും ഇഫ്താറിൽ പങ്കെടുത്തിട്ടും നളന്ദ സന്ദർശിക്കാൻ നിതീഷിന് കഴിഞ്ഞില്ലെന്നും ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസി പറഞ്ഞു.
ഞായറാഴ്ച നവാഡയിൽ നടന്ന റാലിയിൽ പങ്കെടുക്കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിതീഷിനെ പരിഹസിച്ചിരുന്നു. ഒഴിവില്ലാത്തതിനാൽ പ്രധാനമന്ത്രിയാകാനുള്ള നിതീഷ് കുമാറിന്റെ ആഗ്രഹം പൂർത്തീകരിക്കപ്പെടില്ലെന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. ഷായുടെ പരിഹാസങ്ങളോട് നിതീഷ് ഉടനടി പ്രതികരിച്ചില്ല, എന്നാൽ കലാപം ആസൂത്രകരെന്ന പരാമർശത്തിലൂടെ അദ്ദേഹം പിന്നീട് അമിത് ഷാക്കെതിരെ തിരിച്ചടിച്ചു.
'ഒരാൾ അധികാരം ആസ്വദിക്കുന്ന ഭരണാധികാരിയാണ്, മറ്റൊരാൾ അവന്റെ ഏജന്റാണ്, അന്വേഷണത്തിലൂടെ വർഗീയ കലാപത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടും' അദ്ദേഹം പറഞ്ഞു.
ബിഹാർ ഷെരീഫ് ആക്രമണം
രാമനവമി ആഘോഷത്തിന് പിന്നാലെ ബിഹാർ നളന്ദ ജില്ലയിലെ ബിഹാർ ഷെരീഫിൽ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് 77 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഞായറാഴ്ച അറിയിച്ചിരുന്നു. ആയിരത്തോളം വരുന്ന ആൾക്കൂട്ടം ബിഹാർ ഷെരീഫിലെ മുരാർപൂർ പ്രദേശത്തെ മദ്രസ തകർക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതായി മസ്ജിദിൻറെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീൻ പറഞ്ഞു.4,500-ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വർഷം പഴക്കമുള്ള ലൈബ്രറി ആക്രമണത്തിൽ ചാരമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. മസ്ജിദിൻറെ മിനാരം (ടവർ) തകർന്നതിനാൽ ജില്ലാ ഭരണകൂടം അറ്റകുറ്റപ്പണികൾ നടത്തിവരികയാണ്. 'ഹോട്ടൽ സിറ്റി പാലസിന് സമീപമുള്ള ഗഗൻ ദിവാൻ പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഞങ്ങൾ വെള്ളിയാഴ്ച പ്രാർത്ഥന പൂർത്തിയാക്കിയിരുന്നു.തുടർന്ന് ഒരു സംഘം മദ്രസയിൽ കയറി കല്ലെറിയാൻ തുടങ്ങി.മസ്ജിദിലുള്ള ഒരാളോട് ജയ് ശ്രീം വിളിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. അവർ പള്ളിയിലേക്കും ലൈബ്രറിയിലേക്കും പെട്രോൾ ബോംബുകൾ എറിയുകയും പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു'' സിയാബുദ്ദീൻ വിശദീകരിച്ചു.
BJP ridiculed Nitish Kumar after participating in the Iftar event in the background of the Red Fort photo
Adjust Story Font
16