Quantcast

'മൻമോഹൻ സിംഗിന്റെ വിയോഗത്തിന് പിന്നാലെ വിയറ്റ്നാമിലേക്ക് പറന്നു'- രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി

ഗാന്ധിമാരും കോൺഗ്രസും സിഖുകാരെ വെറുക്കുന്നുവെന്നും 'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ' ഉയർത്തിക്കാട്ടി ബിജെപി ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    30 Dec 2024 11:29 AM GMT

bjp_rahul gandhi
X

ഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ രാഹുൽ ഗാന്ധിക്കെതിരെ പുതിയ വിമർശനങ്ങളുമായി എത്തിയിരിക്കുകയാണ് ബിജെപി. രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രയാണ് ബിജെപിയുടെ ആയുധം. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്‌സ് പോസ്റ്റിലൂടെയാണ് വിവാദത്തിന് തിരികൊളുത്തിയത്.

'മൻമോഹൻ സിങ്ങിൻ്റെ വിയോഗത്തിൽ രാജ്യം ദുഃഖിക്കുമ്പോൾ രാഹുൽ ഗാന്ധി പുതുവർഷം ആഘോഷിക്കാൻ വിയറ്റ്നാമിലേക്ക് പറന്നു' എന്നായിരുന്നു അമിത് മാളവ്യ എക്‌സിൽ കുറിച്ചത്. ഗാന്ധിമാരും കോൺഗ്രസും സിഖുകാരെ വെറുക്കുന്നു. ഇന്ദിരാഗാന്ധി ദർബാർ സാഹിബിനെ അവഹേളിച്ച കാര്യം മറക്കരുതെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു.

1984 ജൂണിൽ ഇന്ത്യൻ സേന സുവർണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയായ 'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ' ഉയർത്തികാട്ടിയായിരുന്നു ബിജെപിയുടെ ആരോപണങ്ങൾ. എന്നാൽ, മൻമോഹൻ സിംഗിന്റെ സംസ്കാര സംസ്‌കാര ചടങ്ങുകൾ കേന്ദ്രസർക്കാർ കൈകാര്യം ചെയ്‌തതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.

ബിജെപി വിഷയം വഴിതിരിച്ചുവിടുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ എക്‌സിൽ കുറിച്ചു. ഈ വ്യതിചലന രാഷ്ട്രീയം ബിജെപി എന്നാണ് അവസാനിപ്പിക്കുക? യമുന തീരത്ത് മൻമോഹൻ സിങ്ങിന്റെ ശവസംസ്‌കാരത്തിന് സ്ഥലം നിഷേധിച്ചതും അദ്ദേഹത്തിന്റെ കുടുംബത്തെ മൂലക്കിരുത്തിയതും ലജ്‌ജാകരമാണെന്നും മാണിക്കം ടാഗോർ പ്രതികരിച്ചു.

രാഹുൽ ഗാന്ധി സ്വകാര്യമായി നടത്തുന്ന യാത്ര ബിജെപിയെ എങ്ങനെയാണ് ബുദ്ധിമുട്ടിക്കുന്നത്. ന്യൂ ഇയറിലെങ്കിലും നന്നാവൂ എന്നും അദ്ദേഹം പരിഹസിച്ചു. മൻമോഹൻ സിങ്ങിന്‍റെ ചിതാഭസ്‌മ നിമജ്ജന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടി ബിജെപി വിവാദങ്ങൾ ചൂടുപിടിപ്പിക്കുന്നതിനിടെയാണ് പുതിയ വിഷയം. മൻമോഹൻ സിങ്ങിന്‍റെ കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

TAGS :

Next Story