Quantcast

12 സംസ്ഥാനങ്ങളിൽ ഭരണം ബി.ജെ.പിക്ക്; മൂന്നിലേക്ക് ചുരുങ്ങി കോൺഗ്രസ്

കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് കോൺഗ്രസ് ഭരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    4 Dec 2023 1:59 PM GMT

BJP Rule in 12 states Congress down to 3
X

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം നഷ്ടപ്പെട്ടതോടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂന്നായി ചുരുങ്ങി. ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾ ഭരിക്കുന്ന ആം ആദ്മി പാർട്ടിയാണ് മൂന്നാമത്തെ ഏറ്റവും വലിയ ദേശീയ പാർട്ടി.

ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളാണ് നിലവിൽ ബി.ജെ.പി ഭരിക്കുന്നത്. മധ്യപ്രദേശിൽ ഭരണം നിലനിർത്തുകയും രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് ബി.ജെ.പി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 12 ആയത്. ഇതിന് പുറമെ മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, സിക്കിം സംസ്ഥാനങ്ങളിൽ ബി.ജെ.പി ഉൾപ്പെട്ട മുന്നണിയാണ് ഭരിക്കുന്നത്.

കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് കോൺഗ്രസ് ഭരിക്കുന്നത്. ബി.ആർ.എസിന്റെ ഹാട്രിക് വിജയം തടഞ്ഞാണ് തെലങ്കാനയിൽ കോൺഗ്രസ് ഭരണം പിടിച്ചത്. ബിഹാർ, ജാർഖണ്ഡ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയാണ് ഭരിക്കുന്നത്.

ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പ്രധാന പ്രതിപക്ഷ പാർട്ടികളിൽ എ.എ.പിയുടെ പ്രാധാന്യം വർധിച്ചു. രണ്ട് സംസ്ഥാനങ്ങളിൽ ഭരണമുള്ള നിലവിൽ പ്രതിപക്ഷനിരയിൽ രണ്ടാമത്തെ പാർട്ടിയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന എ.എ.പി ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായെന്ന് എ.എ.പി നേതാവ് ജാസ്മിൻ ഷാ ട്വീറ്റ് ചെയ്തിരുന്നു.

ബി.ജെ.പി, കോൺഗ്രസ്, ബി.എസ്.പി, സി.പി.എം, നാഷണൽ പീപ്പിൾസ് പാർട്ടി, എ.എ.പി എന്നിവയാണ് നിലവിൽ ദേശീയ പാർട്ടികൾ. സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ അടുത്ത വർഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

TAGS :

Next Story