കർണാടക കോൺഗ്രസിൽ കലഹം, ഡി.കെ ശിവകുമാർ അടുത്ത ഷിൻഡെയാകുമെന്നും ബിജെപി
ബിജെപിയുടെ പ്രചാരണങ്ങളെ തള്ളിക്കൊണ്ട് ഡി.കെ ശിവകുമാർ തന്നെ രംഗത്തുണ്ട്

ഡി.കെ ശിവകുമാര്‍-സിദ്ധരാമയ്യ, ആര്‍. അശോക
ബംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിലൂടെ കോൺഗ്രസിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് ബിജെപി. പാർട്ടിയിൽ കലഹങ്ങളുണ്ടെന്നും ഡി.കെ അടുത്ത് തന്നെ കോൺഗ്രസ് വിടുമെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളെ ഡി.കെ തന്നെ തള്ളുമ്പോഴും പുതിയ ആരോപണങ്ങളുമായി രംഗത്ത് എത്തുകയാണ് ബിജെപി.
ഡി.കെ ശിവകുമാറിനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കും ഇടയിൽ സമാനതകളുണ്ടെന്നാണ് ബിജെപിയുടെ പുതിയ ആരോപണം. ' ഷിന്‍ഡെയെ പോലെ നിരവധി കോണ്‍ഗ്രസുകാരുണ്ട്. ഡി.കെ ശിവകുമാര്‍ അവരിലൊരാളാകാം എന്നായിരുന്നു കര്‍ണാടക പ്രതിപക്ഷനേതാവ് ആര്‍. അശോകയുടെ പ്രതികരണം.
മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ കലാപക്കൊടി ഉയര്‍ത്തി ശിവസേനയെ പിളര്‍ത്തിയതിന് സമാനമായ സാഹചര്യം ഉടനെ കര്‍ണാടകയിലെ കോണ്‍ഗ്രസിലും നടക്കുമെന്നാണ് അശോകയുടെ പ്രവചനം. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ശിവകുമാർ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
സംഘപരിവാര്‍ ബന്ധം ആരോപിക്കപ്പെടുന്ന ഇഷ ഫൗണ്ടേഷന്റെ മഹാശിവരാത്രി ആഘോഷത്തില്‍ ഡി.കെ പങ്കെടുത്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ കമന്റ് വരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ പരിപാടിക്കെത്തിയിരുന്നു. അതിന് മുമ്പ് പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേളയിലും ശിവകുമാര്‍ പങ്കെടുത്തു. ഇതിന് പിന്നാലെ ഡി.കെ, പാര്‍ട്ടിയുമായി അകലുകയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍, ഇഷ ഫൗണ്ടേഷന്റെ പരിപാടിയിൽ ഡി.കെ പങ്കെടുത്തതിനെതിരെ കോൺഗ്രസിനുള്ളിൽ നിന്നുതന്നെ എതിർപ്പുണ്ട്. ഇത് മുതലെടുത്താണ് ബിജെപി രംഗത്ത് എത്തുന്നത്. കോൺഗ്രസിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാണെന്നും ബിജെപി പ്രചരിപ്പിക്കുന്നു. അതേസമയം ഇത്തരം പ്രചാരണങ്ങളെ ശക്തമായി തന്നെ ശിവകുമാര്‍ എതിർക്കുന്നുണ്ട്. ജന്മം കൊണ്ട് തന്നെ കോണ്‍ഗ്രസുകാരനാണെന്നും 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Adjust Story Font
16