'ഒരു രാജ്യം, ഒരു ഡി.എൻ.എ'; പടിഞ്ഞാറൻ യു.പിയിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് പ്രത്യേക കാമ്പയിനുമായി ബി.ജെ.പി
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യവ്യാപകമായി ന്യൂനപക്ഷ സമുദായങ്ങളിലേക്ക് ഇറങ്ങാൻ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും
ലഖ്‌നോ: പടിഞ്ഞാറൻ യു.പിയിൽ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് പ്രത്യേക കാമ്പയിനുമായി ബി.ജെ.പി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യു.പിയിലെ 18 സീറ്റുകളും തൂത്തുവാരിയ ബി.ജെ.പിക്ക് 2019ൽ എസ്.പി-ബി.എസ്.പി കൂട്ടുകെട്ടിന് മുന്നിൽ ആറ് സീറ്റുകൾ നഷ്ടമായിരുന്നു. നാഗിന, അംറോഹ, ബിജ്‌നോർ, സഹാറൻപൂർ മണ്ഡലങ്ങളിൽ ബി.എസ്.പിയും മൊറാദാബാദ്, സാംഭൽ മണ്ഡലങ്ങളിൽ എസ്.പിയുമാണ് ജയിച്ചത്.
'ഒരു രാജ്യം, ഒരു ഡി.എൻ.എ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ അടുത്ത മാസം മുസഫർനഗറിൽനിന്നാണ് തുടക്കം കുറിക്കുന്നത്. കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി, കേന്ദ്രമന്ത്രിയും മുസഫർനഗർ എം.പിയുമായ സഞ്ജീവ് ബല്യാൺ തുടങ്ങിയവർ പങ്കെടുക്കും.
പടിഞ്ഞാറൻ യു.പിയിലെ ഓരോ ലോക്‌സഭാ മണ്ഡലത്തിലും ന്യൂനപക്ഷ സമുദായത്തിന് വലിയ സ്വാധീനമുണ്ടെന്നും ഇവരുടെ പിന്തുണ തേടിയാണ് ബി.ജെ.പി കാമ്പയിനുമായി ഇറങ്ങുന്നതെന്നും ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് കുൻവർ ബാസിത്ത് അലി പറഞ്ഞു. സഹാറൻപൂരിൽ 1.8 ലക്ഷവും മുസഫർനഗറിൽ 80,000 വുമാണ് മുസ്‌ലിം രജ്പുത് ജനസംഖ്യ. ഷാംലിയിൽ ഒരുലക്ഷം മുസ്‌ലിം ഗുജ്ജാറുകളും മുസഫർ നഗറിൽ ഒരുലക്ഷം മുസ്‌ലിം ജാട്ടുകളും ഉണ്ടെന്നും ബാസിത്ത് അലി പറഞ്ഞു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യവ്യാപകമായി ന്യൂനപക്ഷ സമുദായങ്ങളിലേക്ക് ഇറങ്ങാൻ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. 10 സംസ്ഥാനങ്ങളിലായി ന്യൂനപക്ഷ സമുദായങ്ങൾക്ക് 30 ശതമാനത്തിൽ കൂടുതൽ വോട്ടുള്ള 60 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ബി.ജെ.പി തീരുമാനിച്ചിരുന്നു. പ്രവർത്തനങ്ങളുടെ സമാപനമായി മേയിൽ നടക്കുന്ന റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
കേരളത്തിലും ന്യൂനപക്ഷ മോർച്ച ഇതിനായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പെരുന്നാളിന് മുസ്‌ലിം വീടുകളും ഈസ്റ്ററിന് ക്രിസ്ത്യൻ വീടുകളും സന്ദർശിക്കുമെന്നും ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രവർത്തന പദ്ധതി നടപ്പാക്കുമെന്നും ന്യൂനപക്ഷമോർച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
Adjust Story Font
16