രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് യുപി മോഡൽ അവതരിപ്പിക്കാൻ ബി.ജെ.പി
ഉത്തർപ്രദേശിൽ നിന്നുള്ള എം.എൽ.എമാരെ പ്രചരണത്തിനായി സംസ്ഥാനത്തേക്ക് അയക്കും
രാജസ്ഥാനില്‍ ബി.ജെ.പി നേതാക്കളുടെ യോഗത്തില്‍ നിന്ന്
ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് യുപി മോഡൽ അവതരിപ്പിക്കാൻ ബി.ജെ.പി. ഉത്തർപ്രദേശിൽ നിന്നുള്ള എം.എൽ.എമാരെ പ്രചരണത്തിനായി സംസ്ഥാനത്തേക്ക് അയക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാൻ ബി.ജെ.പിക്ക് ഉള്ളിലെ ഉൾപ്പാർട്ടി തർക്കം പരിഹരിക്കാനും ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമം ആരംഭിച്ചിട്ടുണ്ട്.
5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടക മോഡൽ ആവർത്തിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഉത്തർ പ്രദേശ് മോഡൽ ഉപയോഗിച്ച് പ്രതിരോധം സൃഷ്ടിക്കാൻ ബിജെപി തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി രാജസ്ഥാനിലേക്ക് 65 ഉത്തർപ്രദേശ് എം.എൽ.എമാരെ ബി.ജെ.പി അയക്കും. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരം വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎമാർ പ്രചരണം നടത്തും. ഉത്തർപ്രദേശ് സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾ പങ്ക് വെച്ചും രാജസ്ഥാൻ സർക്കാരിൻ്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയും ബി.ജെ.പിക്കായി എം.എൽ.എമാർ പ്രചരണം നടത്തും. അതേസമയം ഉൾപ്പാർട്ടി പോര് ബി.ജെ.പിക്ക് വലിയ പ്രതിസന്ധിയാണ് രാജസ്ഥാനിൽ സൃഷ്ടിക്കുന്നത്.
പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.പി ജോഷിയെയും മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെയും ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകാൻ ആണ് കേന്ദ്ര നേതൃത്വത്തിൻ്റെ ശ്രമം. അടുത്ത 7 വർഷത്തേക്കുള്ള വികസന കാഴ്ചപ്പാട് പങ്ക് വെക്കുന്ന വിഷൻ ഡോക്യുമെൻ്റ് 2030 പുറത്തിറക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചു. ഇതിലേക്ക് പൊതുജന അഭിപ്രായം സമാഹരിക്കാൻ ഒരു വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16