Quantcast

മോദി മുസ്‌ലിംകൾക്കെതിരെ വിദ്വേഷം തുപ്പിയ ബൻസ്വാരയിൽ തോറ്റമ്പി ബി.ജെ.പി; സിറ്റിങ് സീറ്റിൽ രണ്ടര ലക്ഷം വോട്ടിന്റെ തോൽവി

കുട്ടികളെ പെറ്റുകൂട്ടുന്നവർക്കും നുഴഞ്ഞുകയറ്റക്കാർക്കും ഹിന്ദുക്കളുടെ സ്വത്തുക്കളും താലിമാലയും ഇൻഡ്യ സഖ്യം തട്ടിപ്പറിച്ചുകൊടുക്കുമെന്ന് മുസ്‌ലിംകളെ ലക്ഷ്യമിട്ട് മോദി വിദ്വേഷം തുപ്പിയ ആദ്യ പ്രസംഗം നടന്നത് രാജസ്ഥാനിലെ ബൻസ്വാരയിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-06-05 10:07:42.0

Published:

5 Jun 2024 4:01 AM GMT

BJP loses sitting seat in Rajasthans Banswara, where Narendra Modi started hate speech against Muslims this time, Lok Sabha 2024, Elections 2024, Lok Sabha election results 2024,
X

ജെയ്പൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായ ശേഷമാണ് നരേന്ദ്ര മോദി പരസ്യമായി ഒരു കൂസലുമില്ലാതെ വിദ്വേഷം തുപ്പാൻ തുടങ്ങിയത്. ആദ്യ ഘട്ടത്തിലെ സൂചനകൾ തങ്ങൾക്ക് അനുകൂലമല്ലെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിം വിരുദ്ധത ഇറക്കി ഹിന്ദു വോട്ട് ധ്രുവീകരിച്ച് വോട്ടാക്കാമെന്ന തന്ത്രം മോദിയും ബി.ജെ.പിയും പയറ്റിത്തുടങ്ങിയത്. രാജസ്ഥാനിലെ ബൻസ്വാരയിൽനിന്നായിരുന്നു രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വിഷലിപ്തമായ പ്രസംഗം മോദി നടത്തിയത്. ഇപ്പോഴിതാ അതേ ബൻസ്വാരയിലെ ഉറച്ച സീറ്റില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞിരിക്കുന്നു.

രാജസ്ഥാനിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു ബൻസ്വാര. അവിടെ ബി.ജെ.പി നേതാവ് മഹേന്ദ്രജിത് സിങ് മാളവ്യയെ പ്രാദേശിക പാർട്ടിയായ ഭാരത് ആദിവാസി പാർട്ടിയുടെ യുവനേതാവ് രാജ്കുമാർ റാവത്ത് ആണ് തറപറ്റിച്ചിരിക്കുന്നത്. അതും രണ്ടര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇത്തവണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പിന്‍വലിച്ച് രാജ്കുമാറിനെ പിന്തുണയ്ക്കുകയായിരുന്നു ഇവിടെ കോൺഗ്രസ്.

തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്‌സൈറ്റിലെ വിവരപ്രകാരം 8,20,831 വോട്ടാണ് രാജ്കുമാർ നേടിയത്. മഹേന്ദ്രജിത് സിങ്ങിനെ പിന്നിലാക്കിയത് 2,47,054 വോട്ടിന്. 5,73,777 വോട്ടാണ് ബി.ജെ.പി സ്ഥാനാർഥിക്ക് ഇത്തവണ ലഭിച്ചത്. രാജ്കുമാറിന്റെ രണ്ട് അപരന്മാർ 1,16,388 വോട്ട് പിടിച്ചിട്ടുണ്ടെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. നോട്ടയ്ക്ക് 20,970 വോട്ടും ലഭിച്ചു. 2014ൽ 91,916 വോട്ടിന്റെയും 2019ൽ 3.05 ലക്ഷത്തിന്റെയും വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ച മണ്ഡലം കൂടിയാണിതെന്ന കാര്യം കൂടി ഇതോടൊപ്പം ചേർത്തുപറയേണ്ടതാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്കു മറുകണ്ടം ചാടിയയാളാണ് മഹേന്ദ്രജിത് സിങ് മാളവ്യ. ബൻസ്വാരയിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി.ജെ.പിയുടെ താരപ്രചാരകർ അദ്ദേഹത്തിന്റെ പ്രചാരണത്തിനെത്തിയിരുന്നു. ഇൻഡ്യ മുന്നണി ഹിന്ദുക്കളുടെ സ്വത്തുക്കളെല്ലാം മുസ്‌ലിംകൾക്കു നൽകുമെന്ന ഏറെ കോളിളക്കം സൃഷ്ടിച്ച വിദ്വേഷ പ്രസംഗം നടത്തിയത് ബൻസ്വാരയിലായിരുന്നു.

കുട്ടികളെ പെറ്റുകൂട്ടുന്നവർക്കും നുഴഞ്ഞുകയറ്റക്കാർക്കും ഹിന്ദുക്കളുടെ സ്വത്തുക്കൾ പിടിച്ചുപറിച്ചുകൊടുക്കുമെന്നായിരുന്നു ഇൻഡ്യ മുന്നണിക്കെതിരെ മോദിയുടെ ആരോപണം. സ്ത്രീകളുടെ താലിമാല മുസ്‌ലിംകൾക്കു നൽകുമെന്നും രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശം മുസ്‌ലിംകൾക്കാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രഖ്യാപിച്ചിരുന്നതായുമെല്ലാമായി കള്ളങ്ങളും വിദ്വേഷവുമെല്ലാം കൂട്ടിക്കുഴച്ചായിരുന്നു മോദിയുടെ വിവാദ പ്രസംഗം. എന്നിട്ടും, അന്തിമഫലം വരുമ്പോൾ വമ്പൻ തോൽവിയാണ് ബി.ജെ.പി സ്ഥാനാർഥി മഹേന്ദ്രജിത് ഇവിടെ രുചിച്ചിരിക്കുന്നത്.

ദക്ഷിണ രാജസ്ഥാനിലെ ആദിവാസി വിഭാഗമായ ബീൽ സമുദായത്തിലെ പ്രമുഖനായ നേതാവാണ് രാജ്കുമാർ. ദുംഗാർപൂരിലെ ചോരസിയിൽ രണ്ടു തവണ എം.എൽ.എയായിരുന്നു. ബൻസ്വാരയിൽ കോൺഗ്രസ് ആദ്യം സ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിലും പിന്നീട് രാജ്കുമാറിനെ പിന്തുണയ്ക്കുകയായിരുന്നു. എന്നാൽ, കോൺഗ്രസ് സ്ഥാനാർഥി അരവിന്ദ് ദമോർ മത്സരത്തിൽനിന്നു പിന്മാറാൻ തയാറായിരുന്നില്ല. ഇതോടെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന അരവിന്ദിനെതിരെ കോൺഗ്രസ് നേതാക്കൾ പ്രചാരണത്തിനിറങ്ങുന്ന കാഴ്ചയും ഇവിടെ കണ്ടു. ഒടുവില്‍ ഇന്നലെ ഫലം വന്നപ്പോൾ 61,211 വോട്ടാണ് അരവിന്ദ് നേടിയത്.

Summary: BJP loses sitting seat in Rajasthan's Banswara, where Narendra Modi started hate speech against Muslims this time

TAGS :

Next Story