'നൂറ്റാണ്ടിൻ്റെ ജോക്കർ': ബംഗ്ലാദേശിനെ പുകഴ്ത്തിക്കൊണ്ടുള്ള ധ്രുവ് റാഠിയുടെ പഴയ വീഡിയോ പങ്കുവച്ച് ബി.ജെ.പി വക്താവ് | BJP Spokesperson Slams YouTuber Dhruv Rathee, Shares Old Video Praising Bangladesh| National News

'നൂറ്റാണ്ടിൻ്റെ ജോക്കർ': ബംഗ്ലാദേശിനെ പുകഴ്ത്തിക്കൊണ്ടുള്ള ധ്രുവ് റാഠിയുടെ പഴയ വീഡിയോ പങ്കുവച്ച് ബി.ജെ.പി വക്താവ്

ബംഗ്ലാദേശിന്‍റെ വികസനത്തെക്കുറിച്ചും സന്തോഷ സൂചികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലെത്തിയതുമൊക്കെയാണ് ധ്രുവിന്‍റെ വീഡിയോയിലുള്ളത്

MediaOne Logo

Web Desk

  • Updated:

    6 Aug 2024 6:46 AM

Published:

6 Aug 2024 2:36 AM

Dhruv Rathee
X

ഡല്‍ഹി: ബംഗ്ലാദേശിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പുകഴ്ത്തിക്കൊണ്ടുള്ള യുട്യൂബര്‍ ധ്രുവ് റാഠിയുടെ പഴയ വീഡിയോ പങ്കുവച്ച് ബി.ജെ.പി വക്താവ് ഹെഹ്സാദ് പൂനവല്ല. 'നൂറ്റാണ്ടിന്‍റെ ജോക്കര്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ബംഗ്ലാദേശിന്‍റെ വികസനത്തെക്കുറിച്ചും സന്തോഷ സൂചികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലെത്തിയതുമൊക്കെയാണ് ധ്രുവിന്‍റെ വീഡിയോയിലുള്ളത്. 21 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ബംഗ്ലാദേശ് അയൽരാജ്യങ്ങൾക്ക് വളരെ നല്ല മാതൃകയാണ് നൽകിയതെന്ന് പറഞ്ഞുകൊണ്ട് ബംഗ്ലാദേശിനെ അഭിനന്ദിക്കുകയാണ്. “പല കാര്യങ്ങളിലും ബംഗ്ലാദേശ് ഒന്നുകിൽ ഇന്ത്യയെ പിന്നിലാക്കി അല്ലെങ്കിൽ അതിനുള്ള വഴിയിലാണ്. വികസനത്തിൻ്റെ ഇന്നത്തെ കാലത്ത് അയൽരാജ്യത്തിന് വളരെ നല്ല മാതൃകയാണ് രാജ്യം നൽകുന്നത്. ബംഗ്ലാദേശിലെ ആളുകൾ ഇന്ത്യക്കാരെക്കാൾ സന്തുഷ്ടരാണ്, ” ധ്രുവ് റാഠി പറയുന്നു.

പൂനവല്ലക്ക് മറുപടിയുമായി റാഠി രംഗത്തെത്തി. ചോദ്യം ചെയ്യപ്പെടുന്ന വീഡിയോ നാല് വർഷം പഴക്കമുള്ളതാണെന്നും ബംഗ്ലാദേശിലെ അന്നത്തെ അവസ്ഥ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണെന്നും റാഠി വ്യക്തമാക്കി. “ഇത് നാല് വർഷം പഴക്കമുള്ള വീഡിയോയാണ്. ഏറ്റവും പുതിയ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നതെല്ലാം കൃത്യമായിരുന്നു. നിങ്ങളുടെ സ്വന്തം മണ്ടത്തരം പുറത്തുപറയുകയും നിങ്ങളെ പിന്തുടരുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുക മാത്രമാണ് ചെയ്യുന്നത്, ”എന്നായിരുന്നു യുട്യൂബറുടെ പ്രതികരണം.

അതിനിടെ, തിങ്കളാഴ്ച അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ധാക്കയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഡൽഹിക്ക് സമീപമുള്ള ഹിൻഡൺ എയർബേസിൽ കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ച മണിക്കൂറുകളോളം നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ശൈഖ് ഹസീന കഴിയുന്നത്. അതേസമയം ശൈഖ് ഹസീനയുടെ ബ്രിട്ടൻ യാത്ര വൈകുകയാണ്. ബ്രിട്ടനിൽ രാഷ്ട്രീയാഭയം ഉറപ്പാക്കുന്നതുവരെ ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്. വിവിധ ബംഗ്ലാദേശി മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഡൽഹിക്ക് സമീപമുള്ള ഹിൻഡൺ എയർബേസിൽ ഇന്നലെ വൈകിട്ട് 5.36 ഓടെയാണ് ഹസീന എത്തിയത്. വ്യോമസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ശൈഖ് ഹസീനയെ സ്വീകരിച്ചു. തിങ്കളാഴ്ച ഷെയ്ഖ് ഹസീന രാജി സമർപ്പിച്ച് സഹോദരിയോടൊപ്പം രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ ബംഗ്ലാദേശിലെ പ്രതിഷേധക്കാർ ധാക്കയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി അടിച്ചു തകർത്തു.

TAGS :

Next Story