Quantcast

അക്രമം അഴിച്ചുവിട്ട് വോട്ട് ചെയ്യുന്നത് തടയുന്നു: ത്രിപുരയില്‍ ബിജെപിക്കെതിരെ സിപിഎം കോടതിയില്‍

സമാന പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.

MediaOne Logo

Web Desk

  • Updated:

    2021-11-25 06:11:26.0

Published:

25 Nov 2021 5:59 AM GMT

അക്രമം അഴിച്ചുവിട്ട് വോട്ട് ചെയ്യുന്നത് തടയുന്നു: ത്രിപുരയില്‍ ബിജെപിക്കെതിരെ സിപിഎം കോടതിയില്‍
X

ബിജെപിക്കെതിരെ ത്രിപുരയിലെ സിപിഎം നേതൃത്വം സുപ്രീംകോടതിയില്‍. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനിടെ ബിജെപി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നു എന്നാണ് പരാതി. സമാന പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് തടയാന്‍ തങ്ങളുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് സിപിഎം ഹരജിയില്‍ പറയുന്നു. സമാനതകളില്ലാത്ത അക്രമമാണ് അഴിച്ചുവിടുന്നത്. പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നുവെന്നും സിപിഎം പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ ആവശ്യം അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുക എന്നത് അവസാന പടിയാണ്, സമാധാനമായി തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്ന് ഡി വൈ ചന്ദ്രചൂഡ്, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഡിജിപിയുടെയും ആഭ്യന്തര വകുപ്പിന്‍റെയും ഉത്തരവാദിത്തമാണിതെന്നും കോടതി വ്യക്തമാക്കി.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തനം തടയരുതെന്ന് നേരത്തെ സുപ്രീംകോടതി ത്രിപുര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എംപി സുസ്മിത ദേവാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ത്രിപുരയില്‍ പ്രതിപക്ഷത്തിനെതിരായ അതിക്രമം തുടരുകയാണ്. തൃണമൂല്‍ യുവജന വിഭാഗം നേതാവ് സായോണി ഘോഷിനെ അറസ്റ്റ് ചെയ്യുകയുണ്ടായി. ബിജെപി അനുകൂലികള്‍ പൊലീസ് സ്റ്റേഷന്‍ കോമ്പൌണ്ടില്‍ വെച്ച് തൃണമൂല്‍ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു.

അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 222 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തങ്ങളുടെ പോളിങ് ഏജന്‍റുമാരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് തൃണണൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. വോട്ട് ചെയ്യാന്‍ ബൂത്തുകള്‍ക്ക് പുറത്ത് കാത്തുനില്‍ക്കുന്നവരെ പോലും ഗുണ്ടകള്‍ കയ്യേറ്റം ചെയ്യുകയാണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

TAGS :

Next Story