'കർണാടകയിൽ പ്രതിപക്ഷമെന്ന നിലയിൽ ബി.ജെ.പി പൂർണമായും പരാജയപ്പെട്ടു'; വിമർശനവുമായി മുൻ മന്ത്രി
സർക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ നിരവധി വിഷയങ്ങൾ ഉണ്ടെങ്കിലും അതൊന്നും ഉന്നയിക്കാതെ ഭരണപക്ഷവുമായി ചേർന്നു പ്രവർത്തിക്കുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ അരവിന്ദ് ലിംബാവലി പറഞ്ഞു.
ബെംഗളൂരു: സ്വന്തം പാർട്ടിക്കെതിരെ വിമർശനവുമായി കർണാടകയിലെ ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ അരവിന്ദ് ലിംബാവലി. പ്രതിപക്ഷമെന്ന നിലയിൽ പാർട്ടി പൂർണമായും പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ ബി.വൈ വിജയേന്ദ്രയും പ്രതിപക്ഷനേതാവ് ആർ. അശോകയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായെന്നും അദ്ദേഹം തുറന്നടിച്ചു.
മുഡ അഴിമതി, വാൽമീകി ഡവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതി, എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള ഫണ്ടിന്റെ ദുരുപയോഗം തുടങ്ങിയ വിഷങ്ങളൊന്നും വേണ്ട രീതിയിൽ ഉന്നയിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് ലിംബാവലി പറഞ്ഞു. ഇതൊക്കെ ഫലപ്രദമായി അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടാൽ ഭരണപക്ഷം നടത്തുന്ന അഴിമതിയിൽ പ്രതിപക്ഷത്തിനും പങ്കുണ്ടോയെന്ന് ജനം സംശയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിന്റെ വീഴ്ചകൾ തുറന്നുകാണിക്കാനുള്ള മികച്ച അവസരമായിരുന്നു നിയമസഭയുടെ വർഷകാലം സമ്മേളനം. അത് ഉപയോഗപ്പെടുത്തുന്നതിൽ ബി.ജെ.പി നേതൃത്വം പരാജയപ്പെട്ടു. നിരവധി ജില്ലകളിൽ ഡെങ്കിപ്പനി പടരുകയാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി ആളുകൾക്ക് വീട് നഷ്ടപ്പെട്ടു. സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതങ്ങൾ ഏറ്റെടുക്കണമെന്ന് നമ്മുടെ നേതാക്കൾക്ക് തോന്നാത്തത് ഖേദകരമാണെന്നും ലിംബാവലി പറഞ്ഞു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലിംബാവലിക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. പകരം അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുള അരവിന്ദ് ലിംബാവലിയാണ് മഹാദേവപുരം മണ്ഡലത്തിൽ മത്സരിച്ചത്. 44,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഞ്ജുള ഇവിടെനിന്ന് വിജയിച്ചത്.
Adjust Story Font
16