മതപരിവർത്തന നിരോധന നിയമം നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍; ക്രൈസ്തവരെ ലക്ഷ്യമിട്ടെന്ന് പരാതി | BJP tough anti conversion law karnataka

മതപരിവർത്തന നിരോധന നിയമം നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍; ക്രൈസ്തവരെ ലക്ഷ്യമിട്ടെന്ന് പരാതി

നിർബന്ധിത മതപരിവർത്തനം പരിശോധിക്കാനെന്ന പേരില്‍ പള്ളികളെയും മിഷനറിമാരെയും കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ നിയമസഭാ സമിതി ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    17 Oct 2021 8:51 AM

Published:

17 Oct 2021 8:45 AM

മതപരിവർത്തന നിരോധന നിയമം നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍; ക്രൈസ്തവരെ ലക്ഷ്യമിട്ടെന്ന് പരാതി
X

കടുത്ത മതപരിവർത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങി കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. നിർബന്ധിത മതപരിവർത്തനം പരിശോധിക്കാനെന്ന പേരില്‍ സംസ്ഥാനത്തെ പള്ളികളെയും മിഷനറിമാരെയും കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി ആവശ്യപ്പെട്ടു. 'നിയമപരവും നിയമവിരുദ്ധവുമായി' പ്രവര്‍ത്തിക്കുന്ന പള്ളികള്‍ കണ്ടെത്താനാണ് നീക്കമെന്നാണ് വാദം. ഇത് ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യം വെച്ചുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് നേതാക്കളും ക്രിസ്ത്യന്‍ മതമേധാവികളും വിമര്‍ശിച്ചു.

കഴിഞ്ഞ മാസം മാത്രം നാല് തവണ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചുവിടുകയുണ്ടായി. നിര്‍ബന്ധിത മതപരിവര്‍ത്തന റാക്കറ്റുകള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ടാണ് ഇവര്‍ പള്ളികളിലെ പ്രാര്‍ഥനാ ഹാളുകളിലേക്ക് അതിക്രമിച്ചുകയറിയത്. ഉഡുപ്പി, ബംഗളൂരു, ചിക്ബെല്ലാപൂര്‍ എന്നിവിടങ്ങളിലാണ് അക്രമം ഉണ്ടായത്. കടുത്ത മതപരിവർത്തന നിരോധന നിയമം നിലവില്‍വരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറയുകയും ചെയ്തു.

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണിത്. പിന്നാലെയാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാരും സമാന നിയമം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്.

ബിജെപി എംഎൽഎയായ ഗൂലിഹട്ടി ശേഖർ തന്റെ അമ്മയെ ക്രിസ്തുമതത്തിലേക്ക് ബലപ്രയോഗത്തിലൂടെ പരിവർത്തനം ചെയ്തതായി നിയമസഭയിൽ ആരോപിക്കുകയുണ്ടായി. പിന്നാലെ കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം വീണ്ടും ചര്‍ച്ചയായി. പ്രാര്‍ഥനാഹാളുകളും ബൈബിള്‍ സൊസൈറ്റികളും മതപരിവര്‍ത്തന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നു എന്നും എംഎല്‍എ ആരോപിച്ചു. മതപരിവര്‍ത്തനം സംബന്ധിച്ച് 36 പരാതികളില്‍ നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കര്‍ണാടക പൊലീസ് പറഞ്ഞെന്ന് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു. അത്തരം സ്ഥാപനങ്ങളെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അറിയിച്ചു.

നിയമസഭാ സമിതിയിലെ കോൺഗ്രസ് അംഗങ്ങൾ ബിജെപിയുടെ നീക്കത്തെ എതിർത്തു. "പള്ളികള്‍ സംബന്ധിച്ച് സർവേയ്ക്ക് ഉത്തരവിടാൻ കമ്മറ്റിക്ക് അധികാരമില്ലെന്ന് ഞങ്ങൾ പറഞ്ഞു. പക്ഷേ ബിജെപി അംഗങ്ങൾ തീരുമാനവുമായി മുന്നോട്ടുപോയി. അത് മുൻകൂട്ടി തീരുമാനിച്ചതാണെന്ന് തോന്നി. ഗൂലിഹട്ടി ശേഖർ ഈ ക്യാമ്പയിന്‍റെ മുഖമായി മാറി. സമൂഹത്തെ ധ്രുവീകരിക്കാനാണ് മതപരിവര്‍ത്തന വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്"- കോൺഗ്രസ് നേതാവ് പി ആർ രമേശ് പറഞ്ഞു.

ഇത്തരം സര്‍വേകള്‍ അപകടകരമാണെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ.പീറ്റർ മക്കാഡോ പറഞ്ഞു. ഇതിലൂടെ ആരാധനാലയങ്ങളും പാസ്റ്റർമാരും സിസ്റ്റര്‍മാരും അന്യായമായി വേട്ടയാടപ്പെട്ടേക്കാം. കർണാടകയിൽ ഇത്തരം സംഭവങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടന മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ക്രിസ്ത്യന്‍ സമൂഹം നടത്തുന്ന വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിൽ സർവേ നടത്താന്‍ ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. അപ്പോള്‍ രാഷ്ട്രപുനര്‍നിർമ്മാണത്തിനായി ക്രൈസ്തവ സമൂഹം നടത്തിയ സേവനത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകും. ഈ സ്ഥാപനങ്ങളിൽ മതപരിവർത്തനമുണ്ടെങ്കില്‍ എന്തുകൊണ്ട് മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ക്രൈസ്തവ ജനസംഖ്യ കുറയുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് ചോദിച്ചു.

TAGS :

Next Story