ഭാരത് ജോഡോ യാത്രയേക്കാൾ കൂടുതൽ ജനക്കൂട്ടം തന്‍റെ റാലിയിലുണ്ടെന്ന് കോൺഗ്രസ് എം.പി; വീഡിയോ പങ്കുവെച്ച് ബി.ജെ.പി
കോൺഗ്രസ് നേതാക്കൾ പോലും അദ്ദേഹത്തെ ഒരു നേതാവായി പരിഗണിക്കുന്നില്ലെന്ന് പരിഹാസം
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയേക്കാൾ കൂടുതൽ ആളുകൾ തന്റെ റാലിയുണ്ടെന്ന് കോൺഗ്രസ് എം.പി യുടെ പ്രസ്താവന വിവാദത്തിൽ. പാർട്ടിയുടെ മുതിർന്ന നേതാവ് കമൽനാഥിന്റെ മകനും കോൺഗ്രസ് എം.പിയുമായ നകുൽ നാഥാണ് പ്രസ്താവന നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ ബിജെപി നേതാക്കൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്തു.
മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്നുള്ള കോൺഗ്രസ് ലോക്സഭാംഗമായ നകുൽ പാരസിയയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് പ്രസ്താവന നടത്തിയത്. നകുൽ മധ്യപ്രദേശിലെ ബർകുഹിയിൽ നിന്ന് പാരസിയയിലേക്ക് 7 കിലോമീറ്റർ നീണ്ട പദയാത്ര നടത്തിയിരുന്നു.
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകന്റെ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ലയാണ് രാഹുലിനെതിരെ ആഞ്ഞടിച്ചത്. 'കോൺഗ്രസ് നേതാക്കൾ പോലും അദ്ദേഹത്തെ ഒരു നേതാവായി പരിഗണിക്കാത്തപ്പോൾ മറ്റ് സഖ്യകക്ഷികളും ഇന്ത്യയും എങ്ങനെ അദ്ദേഹത്തെ ഗൗരവമായി കാണും?' ഷെഹ്സാദ് ട്വീറ്റ് ചെയ്തു.
കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് തമിഴ്‌നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ കടന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര 100 ദിവസം പൂർത്തിയാക്കിക്കഴിഞ്ഞു.ഭാരത് ജോഡോ യാത്ര ഡിസംബർ 24ന് ഡൽഹിയിൽ പ്രവേശിക്കും. എട്ട് ദിവസത്തിന് ശേഷം യാത്ര ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലേക്കെത്തും. അടുത്ത മാസം പഞ്ചാബിലും എത്തിയ ശേഷം ജമ്മു കശ്മീരിലേക്ക് കടക്കും.
Adjust Story Font
16