Quantcast

ഹിമാചൽ പ്രദേശിൽ അട്ടിമറി, ബി.ജെ.പിക്ക് ജയം; ഭൂരിപക്ഷമുണ്ടായിട്ടും കോൺഗ്രസിന് തോൽവി

ഏഴ് കോൺഗ്രസ് എം.എൽ.എമാരും രണ്ട് സ്വതന്ത്രരും ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ.

MediaOne Logo

Web Desk

  • Published:

    27 Feb 2024 3:54 PM GMT

BJP Wins Rajya Sabha Poll In Himachal After Congress Cross-Voting
X

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ജയം. നിയമസഭയിൽ ഭൂരിപക്ഷമുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി അഭിഷേക് മനു സിങ്‌വിയെ പരാജയപ്പെടുത്തിയാണ് ബി.ജെ.പിയുടെ ഹർഷ് മഹാജൻ വിജയിച്ചത്. ബി.ജെ.പി വിജയിച്ചതായി പ്രതിപക്ഷനേതാവ് ജയറാം ഠാക്കൂർ ആദ്യം അവകാശപ്പെട്ടിരുന്നു. പിന്നാലെ ഹർഷ് മഹാജനെ അഭിനന്ദിച്ച് രംഗത്തെത്തിയ അഭിഷേക് മനു സിങ്‌വി പരാജയം അംഗീകരിക്കുന്നതായി അറിയിച്ചു.

ഇരുസ്ഥാനാർഥികൾക്കും തുല്യ വോട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നറുക്കെടുപ്പിലൂടെയാണ് ഹർഷ് മഹാജനെ വിജയിയായി പ്രഖ്യാപിച്ചത്. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എം.എൽ.എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമാണുള്ളത്. ബി.ജെ.പിക്ക് 25 എം.എൽ.എമാരാണുള്ളത്.

ഏഴ് കോൺഗ്രസ് എം.എൽ.എമാരും രണ്ട് സ്വതന്ത്രരും ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ സി.ആർ.പി.എഫ് പിന്തുണയോടെ ബി.ജെ.പി തങ്ങളുടെ എം.എൽ.എമാരെ തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് ആരോപിച്ചു. ആറു കോൺഗ്രസ് എം.എൽ.എമാരെയും മൂന്നു സ്വതന്ത്രരേയും തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം.

ഹിമാചൽ സർക്കാരിനെ വീഴ്ത്താൻ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കവും ബി.ജെ.പി നടത്തുന്നുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച പശ്ചാത്തലത്തിൽ മുഖമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് ജയറാം ഠാക്കൂർ ആവശ്യപ്പെട്ടു. അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ തന്നെ എം.എൽ.എമാർ മുഖ്യമന്ത്രിയെ ഉപേക്ഷിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

TAGS :

Next Story