ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിർണായക ഇടപെടലുമായി ബി.ജെ.പി; കേരളത്തിലും മാറ്റത്തിന് സാധ്യത
കർണാടകയിൽ ലഭിച്ച തിരിച്ചടിയുടെ ക്ഷീണം മറികടക്കാൻ തീവ്ര ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്.
ന്യൂഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിർണായക ഇടപെടലുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാന ബി.ജെ.പിക്ക് ഉള്ളിലെ തർക്കങ്ങൾക്ക് പരിഹാരം കാണാൻ ആണ് പുനഃസംഘടനയിലൂടെ ദേശീയ നേതൃത്വത്തിന്റെ ശ്രമം. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സുപ്രധാന മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ബി.ജെ.പി.
കർണാടകയിൽ ലഭിച്ച തിരിച്ചടിയുടെ ക്ഷീണം മറികടക്കാൻ തീവ്ര ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. തെലങ്കാന തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും നില മെച്ചപ്പെടുത്തി മുഖ്യ പ്രതിപക്ഷ പാർട്ടിയാകാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. എന്നാൽ ഈ ശ്രമങ്ങൾക്ക് വിലങ്ങ് തടിയാകുന്നത് പാർട്ടിക്കുള്ളിലെ പോരാണ്. ദേശീയ വക്താവ് ഉൾപ്പടെ രൂക്ഷമായി വിമർശിച്ച ബണ്ടി സഞ്ജയ് പ്രധാനമന്ത്രി ഒരിക്കൽ നേരിട്ട് അഭിനന്ദിച്ച സംസ്ഥാന അധ്യക്ഷനാണ്. ബി.ആർ.എസ് വിട്ട് വന്ന നേതാക്കളും ബണ്ടി സഞ്ജയും തമ്മിൽ തർക്കം രൂക്ഷമായതോടെയാണ് പ്രസിഡന്റ് പദവിയിലേക്ക് കിഷൻ റെഡ്ഡിയെ ദേശീയ നേതൃത്വം നിയമിച്ചത്.
സ്ഥാനചലനം സംഭവിച്ച ബണ്ടി സഞ്ജയ്ക്ക് പ്രധാനമന്ത്രിയുടെ താൽപര്യം സംരക്ഷിക്കാനും പാർട്ടിക്കുള്ളിലെ വിമതഭീഷണി ഒഴിവാക്കാനും ദേശീയതലത്തിൽ നിർണായക പദവി നൽകിയേക്കും. ഭരണം കയ്യിലുള്ള മഹാരാഷ്ട്രയിലും ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകും. എൻ.സി.പി വിട്ട പ്രഫുൽ പട്ടേലിനെ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമാക്കാനുള്ള ആലോചനകൾ തുടരുകയാണ്. ആർ.എസ്.എസ് താൽപര്യം പരിഗണിച്ചാൽ സാധ്യത ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസിനാണ്. കേരള ബി.ജെ.പിയിലും മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചനകൾ. നേതൃമാറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ പരിഗണനയിൽ ഇല്ലെങ്കിലും മറ്റ് പദവികളിൽ അഴിച്ചുപണിക്ക് സാധ്യത ഉണ്ട്. തമിഴ്‌നാട്ടിൽ കൂടെ നിൽക്കുന്ന സഖ്യ കക്ഷികൾക്ക് അപ്രധാന വകുപ്പുകൾ നൽകി മന്ത്രിസഭയിലേക്ക് കൊണ്ടുവരാനും ബി.ജെ.പി നീക്കം നടത്തുന്നുണ്ട്.
Adjust Story Font
16