പശ്ചിമ ബംഗാളിൽ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു; പിന്നിൽ തൃണമൂലും സി.പി.എമ്മുമെന്ന് ആരോപണം
അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന ഹാഫിസുൽ ഷെയ്ഖിനെ ചായക്കടയിൽവെച്ച് വെടിവെയ്ക്കുകയായിരുന്നു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന ഹാഫിസുൽ ഷെയ്ഖിനെ ചായക്കടയിൽവെച്ച് ഒരാൾ തലയ്ക്ക് വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട ഷെയ്ഖിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. ബി.ജെ.പിയിൽ ചേർന്നതിന്റെ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചു.എന്നാൽ കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസും സിപിഐഎമ്മുമാണ് ബിജെപി ആരോപിച്ചു.
'പശ്ചിമ ബംഗാളിൽ കൊലപാതകങ്ങൾ ആരംഭിച്ചു. മറ്റൊരു ബി.ജെ.പി പ്രവർത്തകനായ ഹഫീസുൽ ഷെയ്ഖ് കൊല്ലപ്പെട്ടു. വെടിയേറ്റ മൃതദേഹത്തിൽ നിന്ന് തലവെട്ടി മാറ്റുകയും വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്തതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ സോഷ്യൽമീഡിയയായ എക്‌സിൽ കുറിച്ചു.
അതേസമയം, വെടിയേറ്റ് ഷെയ്ഖിന്‍റെ തല വികൃതമായെന്നും തലയറുത്ത് മാറ്റിയെന്നുമുള്ള ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു.
Adjust Story Font
16