Quantcast

സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്‍റെ വില 17 കോടിയെന്ന് വ്യാജപ്രചാരണം: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

ദുബൈ സന്ദര്‍ശനത്തിനിടെ എം.കെ സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിനെ കുറിച്ചായിരുന്നു ട്വീറ്റ്

MediaOne Logo

Web Desk

  • Updated:

    2022-03-30 12:58:46.0

Published:

30 March 2022 9:29 AM GMT

സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്‍റെ വില 17 കോടിയെന്ന് വ്യാജപ്രചാരണം: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
X

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറി അരുള്‍ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ദുബൈ സന്ദര്‍ശനത്തിനിടെ എം.കെ സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്‍റെ വില 17 കോടി രൂപയെന്ന് പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്‍.

ധനമന്ത്രി പിടിആര്‍ പളനിവേല്‍ ത്യാഗരാജനില്‍ നിന്ന് ലഭിച്ച വിവരമെന്ന് പറഞ്ഞാണ് സ്റ്റാലിന്‍റെ ജാക്കറ്റിനെ കുറിച്ച് അരുള്‍ പ്രസാദ് ട്വീറ്റ് ചെയ്തത്. ജാക്കറ്റ് ധരിച്ചുനില്‍ക്കുന്ന സ്റ്റാലിന്റെ ചിത്രം സഹിതമായിരുന്നു പ്രചാരണം. കൂളിങ് ജാക്കറ്റാണ് സ്റ്റാലിന്‍ ധരിച്ചതെന്നും ഇതിന് 17 കോടി രൂപ വിലയുണ്ടെന്നുമായിരുന്നു പ്രചാരണം.

ട്വീറ്റിന്‍റെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, ഗ്രേറ്റർ ചെന്നൈ പൊലീസിന്റെ പുതുതായി രൂപീകരിച്ച സോഷ്യൽ മീഡിയ യൂണിറ്റിന്‍റെ ആദ്യ കേസാകും ഇതെന്ന് പറഞ്ഞു. വ്യാജവാർത്തകളുടെ ഫലമായി വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാൻ സർക്കാർ പ്രത്യേക സോഷ്യൽ മീഡിയ സെന്റർ (എസ്എംഎംസി) രൂപീകരിച്ചതായി മാർച്ചിലെ ബജറ്റ് സമ്മേളനത്തിൽ ത്യാഗരാജൻ പറഞ്ഞിരുന്നു.

സേലത്തിനടുത്ത് എടപ്പാടിയിലെ പ്രാദേശിക ഡിഎംകെ പ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാച്ചിപ്പാളയത്ത് ഹോട്ടൽ നടത്തുന്ന അരുള്‍ പ്രസാദിനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 (എ), 504, 505 (II) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അരുള്‍ പ്രസാദിനെ അറസ്റ്റ് ചെയ്ത് പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വ്യാജപ്രചാരണം നടത്തിയതിന് ജനുവരിയില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വിനോജ് പി സെല്‍വത്തിന്റെ പേരില്‍ കേസെടുത്തിരുന്നു. ഡിഎംകെ അധികാരത്തിലെത്തിയ ശേഷം തമിഴ്നാട്ടില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്ന് പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് വിനോജിന്റെ പേരില്‍ കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാരും പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Summary- The Salem Police Tuesday arrested a BJP Yuva Morcha functionary on alleged charges of spreading fake news against Tamil Nadu Chief Minister M K Stalin

TAGS :

Next Story